കുടിവെള്ള പരിശോധനയ്ക്ക് പ്രാദേശികലാബുകള്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

തിരുവനന്തപുരം: ശാസ്ത്രീയ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണമാക്കുന്നതിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണ മേഖലയില്‍ ഹരിതകേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസവകുപ്പും ജലവിഭവ വകുപ്പും തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും തിരഞ്ഞെടുക്കപ്പെട്ട ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പരിശോധനാ ലാബ് സജ്ജമാക്കുന്നത്.  പുഴകളുടെയും തോടുകളുടെയും നീര്‍ച്ചാലുകളുടെയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനം ഏറെ ഫലം കണ്ടതായും ഇത് വിപുലമാക്കുന്നതോടെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ശുദ്ധജലത്തിന്റെ ഒഴുക്ക് സുഗമമാക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജലഗുണനിലവാര പരിശോധന സംബന്ധിച്ച് തയ്യാറാക്കിയ കൈപുസ്തകം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു.

ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ്ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയപാലന്‍ മാസ്റ്റര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ. ജീവന്‍ബാബു, കെ.ഐ.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എന്‍. പ്രശാന്ത്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം.എല്‍.എ.മാരുടെ ആസ്തി വികസന നിധിയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ഇതിനകം 59 എം.എല്‍.എ.മാര്‍ 380 സ്‌കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തുക അനുവദിച്ചു. ഇതുള്‍പ്പെടെ 480 സ്‌കൂളുകളില്‍ ആദ്യഘട്ടമായി ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ്ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം. പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജലഗുണനിലവാരം ഉറപ്പാക്കാനും കഴിയും.