മാനന്തവാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ്

post

വയനാട്: കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍ നിന്നും സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ള ബോണ്ട് സര്‍വീസ് ആരംഭിച്ചു. ഒരു ബസ് കല്‍പ്പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ് സര്‍വീസ് നടത്തുക. രണ്ട് ബസ്സുകളും രാവിലെ 9 ന് മാനന്തവാടിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 5 ന് കല്‍പ്പറ്റയില്‍ നിന്നും, 4.40  ന് വെറ്ററിനറി കോളേജില്‍ നിന്നും മാനന്തവാടിയിലേക്ക് തിരിക്കും. മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍  ഒ.ആര്‍. കേളു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് സര്‍വീസ്  ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍  ട്രാവല്‍ കാര്‍ഡ് വിതരണം കെ.എസ്.ആര്‍.ടി.സി നോര്‍ത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി. രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബോര്‍ഡ് മെമ്പര്‍ സി.എം. ശിവരാമന്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍  ശോഭരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓഫീസ് യാത്രകള്‍ക്ക് സ്ഥിരമായി ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുളള  സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് ആരംഭിച്ചത്. ഈ സര്‍വ്വീസുകളില്‍ യാത്രക്കാര്‍ക്ക് 10, 15, 20 ദിവസത്തേക്കുള്ള കാര്‍ഡുകള്‍ മുന്‍കൂറായി പണം അടച്ച് ബോണ്ട് സീസണ്‍ കാര്‍ഡുകള്‍ വാങ്ങാം. സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് സാനിറ്റൈസര്‍, സീറ്റ് ലഭ്യത എന്നിവ ബോണ്ട് സര്‍വീസിന്റെ പ്രത്യേകതയാണ്.