മയ്യില്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന് ഇനി പുതിയ കെട്ടിടം

post

കണ്ണൂര്‍ : മയ്യില്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന് ഇനി പുതിയ കെട്ടിടം. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രാധിക കെട്ടിടം ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ വിനിയോഗിച്ച് മയ്യില്‍ അപ്പാരല്‍ പാര്‍ക്കിന് സമീപത്ത് ആധുനിക സൗകര്യങ്ങളോടെയാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. വിശാലമായ ഹാള്‍, ശുചിമുറി, അടുക്കള എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം. കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി, കൗണ്‍സലിംഗ് ക്ലാസുകള്‍, മുതിര്‍ന്നവര്‍ക്കുള്ള തൊഴില്‍ പരിശീലനം തുടങ്ങിയ സേവനങ്ങള്‍ സെന്ററിലൂടെ ലഭ്യമാകും. പഞ്ചായത്തിന്റെ താല്‍ക്കാലിക കെട്ടിടത്തിലായിരുന്നു സെന്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സി കെ പുരുഷോത്തമന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ വി വി ഗിരിജ, ഐസിഡിഎസ് സൂപ്രവൈസര്‍ ഷൈമ, മെമ്പര്‍ എം രവി മാസ്റ്റര്‍, ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍ ബീന തുടങ്ങിയവര്‍ സംബന്ധിച്ചു.