ഗുരുവന്ദനമായി കോവിഡ് പോരാളികളായ അധ്യാപകര്‍ക്ക് ആദരം

post

മലപ്പുറം :  കോവിഡ് 19 ആശങ്കയുയര്‍ത്തുന്ന വേളയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറസാനിധ്യമായ അധ്യാപര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. അധ്യാപക ദിനത്തിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ അധ്യാപകരെ ജില്ലാ ആസ്ഥാനത്ത് മധുരം നല്‍കി ആദരിച്ചു. പൊതു സമൂഹത്തിന് അറിവ് പകരുന്നതിനൊപ്പം നാടിന്റെ പ്രധാന പ്രശ്നങ്ങളില്‍ ഒരുമിച്ചുള്ള പോരാട്ടത്തിന് ജനതയെ നയിക്കുന്ന ഇടപെടല്‍ നടത്തുന്ന അധ്യാപകരെ ദേശീയ അധ്യാപക ദിനത്തില്‍ ഹൃദ്യമായാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും വരവേറ്റത്.

കോവിഡ് പ്രതിരോധ മുഖ്യ സമിതിയുടെ നേതൃത്വത്തിലാണ് അധ്യാപക ദിനത്തിലെ പ്രത്യേക സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടന്ന പരിപാടിയില്‍ രോഗ പ്രതിരോധ രംഗത്തെ അനുഭവങ്ങള്‍ അധ്യാപകര്‍ പങ്കുവെച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 60 അധ്യാപകരാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ സെല്ലില്‍ സജീവമായിട്ടുള്ളത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 മണി വരെ രണ്ട് ഷിഫ്റ്റുകളിലായി 40 അധ്യാപകരാണ് ഒരോ ദിവസവും സേവനത്തിനെത്തുന്നത്.