ദേശീയ അധ്യാപക ദിനം രാഷ്ട്ര നിര്‍മാണത്തില്‍ അധ്യാപകരുടെ പങ്ക് നിസ്തുലം - രാഷ്ട്രപതി

post

കൊല്ലം : മികച്ച വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നത് വഴി രാഷ്ട്ര നിര്‍മാണത്തിലും പുരോഗതിയിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുന്‍ രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനത്തില്‍ ആചരിക്കുന്ന ദേശീയ അധ്യാപക ദിനത്തില്‍ രാജ്യത്തെ മികച്ച അധ്യാപകരായി തിരഞ്ഞെടുത്തവരെ വീഡിയോ കോണ്‍ഫറന്‍സ് വഴി അനുമോദിക്കുകയായിരുന്നു അദ്ദേഹം. ചവറ, തെക്കുംഭാഗം സര്‍ക്കാര്‍ പ്രൈമറി  സ്‌കൂള്‍ പ്രഥമാധ്യാപിക തങ്കലത തങ്കപ്പന്‍ കലക്ട്രേറ്റ് ഇന്‍ഫര്‍മാറ്റിക്സ് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു.

രാജ്യത്തെ ഏറ്റവും നല്ല മനസിനുടമകളാണ് അധ്യാപകരെന്ന ഡോ എസ് രാധാകൃഷ്ണന്റെ വാക്കുകള്‍ രാഷ്ട്രപതി ഉദ്ധരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ മുന്‍ രാഷ്ട്രപതി നല്‍കിയ അമൂല്യമായ സംഭാവനകള്‍ ഓരോ അധ്യാപകരും മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കി ഗ്രാമീണ-ആദിവാസി മേഖലകളിലുള്‍പ്പടെ എല്ലായിടത്തും  പഠനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ അധ്യാപകരെ രാഷ്ട്രപതി  അഭിനന്ദിച്ചു.

അധ്യാപന മേഖലയില്‍ കാലാനുസൃതമായ പരിഷ്‌ക്കാരങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ച് പുരസ്‌കാരം നേടിയ നാല്‍പ്പത്തിയേഴ്   അധ്യാപകരെയാണ്  യോഗത്തില്‍ ആദരിച്ചത്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ്  പൊക്രിയാലും ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി സഞ്ജയ് ധോത്രെയും പങ്കെടുത്തു.

പുരസ്‌ക്കാരത്തിന് അര്‍ഹമായ ഓരോ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍  കോര്‍ത്തിണക്കി എന്‍ ഐ സി തയ്യാറാക്കിയ ലഘു ദൃശ്യങ്ങള്‍  നേര്‍സാക്ഷ്യങ്ങളായി ചടങ്ങില്‍ അവതരിപ്പിച്ചു.

ആലപ്പുഴ  ജവഹര്‍ നവോദയ വിദ്യാലയത്തിലെ അധ്യാപകനായ വി എസ് സജികുമാറാണ്  കേരളത്തില്‍ നിന്നും പുരസ്‌ക്കാരം നേടിയ മറ്റൊരധ്യാപകന്‍.

അടിസ്ഥാന-ഭൗതിക  സാഹചര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയും സാങ്കേതിക വിദ്യയെ ഗുണപരമായ രീതിയില്‍ പ്രയോഗിച്ചും കൈവരിച്ച നേട്ടങ്ങളാണ് പുരസ്‌ക്കാര ലബ്ധിയില്‍ മാനദണ്ഡങ്ങളായത്. ഭിന്നശേഷിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയത്നിച്ച രണ്ട് അധ്യാപകര്‍ക്കും പുരസ്‌കാരം നല്‍കി.

സര്‍ക്കാര്‍ ധനസഹായത്തിന് പുറമേ മറ്റ് സ്രോതസുകളില്‍ നിന്നും സഹായം സ്വീകരിച്ച് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവും പഠനവും മെച്ചപ്പെടുത്തിയതാണ് തങ്കലത തങ്കപ്പന് അവാര്‍ഡിന് അര്‍ഹയാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്‌കൂളിന്റെ നില മെച്ചപ്പെടുത്താന്‍ സഹായകമായതായും ടീച്ചര്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി കെ സതീഷ്‌കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ തുടങ്ങിവര്‍ അവാര്‍ഡ് ജേതാവിനെ അഭിനന്ദിച്ചു.