ലൈഫ് പദ്ധതി കുടുംബസംഗമം ഈ വാരം ആദ്യം മുതല്‍; സേവനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍

post

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിപ്രകാരം സംസ്ഥാനത്ത് ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടു ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനോട് അനുബന്ധിച്ച് ഈ വാരം ആദ്യം മുതല്‍ ജില്ലയിലെ നഗരസഭ, ബ്ലോക്ക് തലങ്ങളില്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമവും വിവിധ സേവന വകുപ്പുകളുടെ അദാലത്തും നടത്തും. അടൂര്‍, പന്തളം, പത്തനംതിട്ട, തിരുവല്ല നഗരസഭകളിലും ഇലന്തൂര്‍, കോയിപ്രം, കോന്നി, മല്ലപ്പള്ളി, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണു കുടുംബ സംഗമം നടക്കുക. ബ്ലോക്ക് പഞ്ചായത്തുകളില്‍ വിവിധ സേവന വകുപ്പുകളുടെ നേതൃത്വത്തില്‍ സ്റ്റാളുകളുടെ പ്രവര്‍ത്തനവും കുടുംബസംഗമത്തോടനുബന്ധിച്ച് ഒരുക്കും. സ്റ്റാളുകളില്‍ 60 ശതമാനം വിലക്കുറവില്‍ ഉത്പന്നങ്ങളും ലഭ്യമാകും. അതോടൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങളും ഈ സ്റ്റാളുകളില്‍ നിന്ന് ലഭിക്കും.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, ഐ.ടി വകുപ്പ്(അക്ഷയ കേന്ദ്രം), ഫിഷറീസ്, വ്യവസായ വകുപ്പ്, പട്ടികജാതിപട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, വനിതാ ശിശു വികസനം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടേയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,  ശുചിത്വ മിഷന്‍,  കുടുംബശ്രീ, ലീഡ് ബാങ്ക് എന്നിവയുടേയും സേവന സ്റ്റാളുകളാണ് കുടുംബസംഗമത്തില്‍ ഒരുക്കുന്നത്. ഈ 17 സ്റ്റാളുകളില്‍ നിന്നു വിവിധ സേവനങ്ങളും ലഭിക്കും.