ആലേച്ചുപറമ്പില്‍ അര്‍ബന്‍ ഹെല്‍ത്ത് സബ് സെന്റര്‍ ആരംഭിച്ചു

post

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ആലേച്ചുപറമ്പില്‍ അര്‍ബന്‍ ഹെല്‍ത്ത് സബ്  സെന്റര്‍ ആരംഭിച്ചു. ഇവിടെ ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് വരാതെ തന്നെ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍, കുത്തിവെപ്പുകള്‍, വയോജനങ്ങള്‍ക്കുള്ള പരിശോധനകള്‍, മരുന്നുകള്‍, ഗര്‍ഭിണികള്‍ക്ക് പരിശോധനകള്‍, നിര്‍ദ്ദേശങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നു വിതരണം, കൗമാര പ്രായക്കാര്‍ക്ക് ബോധവല്‍ക്കരണം, ആര്‍ എസ് ബി വൈ രജിസ്‌ട്രേഷന്‍, വാര്‍ഡിലെ ആശാ പ്രവര്‍ത്തകയുടെ സേവനങ്ങള്‍ തുടങ്ങി ധാരാളം സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.

ഏഴ് സബ് സെന്ററുകളാണ് നഗരസഭയില്‍ ഇപ്പോള്‍ ആരംഭിക്കുന്നത്. മൂന്നെണ്ണം ലോകമലേശ്വരം വില്ലേജിലും നാലെണ്ണം പുല്ലൂറ്റ് വില്ലേജിലും. ഇതില്‍ ആറെണ്ണവും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

സബ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി എ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, എം എസ് സുഗതന്‍, പി വി ശിവശങ്കരന്‍, വേണു തേക്കിലക്കാട്ടില്‍, ഷൈല ടി. ഡി, ആശാ പ്രവര്‍ത്തക വീണ എന്നിവര്‍ പങ്കെടുത്തു.