ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് സേവനവുമായി സര്‍ക്കാര്‍ വകുപ്പുകള്‍

post

കുടുംബസംഗമം, അദാലത്ത് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

സമഗ്രമായ ജീവിത വികാസം ലക്ഷ്യം

തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് വിവിധസര്‍ക്കാര്‍ വകുപ്പുകളുടെ സേവനം കൂടി ഉറപ്പാക്കുന്നതിന് നടത്തുന്ന അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം വര്‍ക്കല നരിക്കല്ല് മുക്ക് തോപ്പില്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ധനസഹായവും സേവനങ്ങളും സംബന്ധിച്ച അറിവ് പകരുന്നതോടൊപ്പം അര്‍ഹതപ്പെട്ട സഹായങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാനാണ് അദാലത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി വരും ദിവസങ്ങളില്‍ ബ്ലോക്ക്, നഗരസഭ, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ കുടുംബസംഗമവും അദാലത്തും നടത്തും.

അദാലത്ത് സംബന്ധിച്ച അറിയിപ്പ് എല്ലാ ഗുണഭോക്താക്കള്‍ക്കും നല്‍കും. അദാലത്ത് നടക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ 30 ഓളം കൗണ്ടറുകളുണ്ടാകും. അപേക്ഷാ ഫോം, അപേക്ഷ എഴുതുന്നതിനുള്ള ആള്‍സഹായം, സേവനത്തെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. ആധാര്‍ തിരുത്തല്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍, സ്വയംതൊഴില്‍ സംരംഭങ്ങളും വായ്പയും, ചികിത്സാ ധനസഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, മെഡിക്കല്‍ക്യാമ്പ്, ഭക്ഷ്യ പൊതുവിതരണം, വൈദ്യുതി, വിദ്യാഭ്യാസ സഹായം, കൃഷി മൃഗപരിപാലനം തുടങ്ങിയവക്കുള്ള സഹായം, സാമൂഹ്യനീതി വകുപ്പിന്റെ സഹായങ്ങള്‍, മാലിന്യസംസ്‌കരണം, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍, റവന്യുവകുപ്പിലെ സേവനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ സഹായങ്ങളെല്ലാം ഒരുകുടക്കീഴില്‍ അണി നിരത്താനും ലഭ്യമാക്കാനുമാണ് അദാലത്ത് നടത്തുന്നത്.ബി. സത്യന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലൈഫ്മിഷന്‍ സി.ഇ.ഒ. യു.വി.ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ.വി. ജോയി എം.എല്‍.എ., വര്‍ക്കല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.