ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു

post

തിരുവനന്തപുരം : ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ്- 2,304.57, സര്‍വ്വീസ് പെന്‍ഷന്‍- 1,545.00, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍-1,170.71, ക്ഷേമനിധി പെന്‍ഷന്‍ സഹായം-158.85, ഓണക്കിറ്റ്- 440.00, നെല്ല് സംഭരണം-710.00, ഓണം റേഷന്‍-112.00, കണ്‍സ്യൂമര്‍ഫെഡ്-35.00, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്-140.63, ആശാ വര്‍ക്കര്‍മാര്‍-26.42, സ്‌കൂള്‍ യൂണിഫോം-30.00.

ഇതുകൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയെല്ലാമടക്കം ഏഴായിരത്തിലധികം കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ഏതൊരു സാഹചര്യത്തിലും ഓണം ഉണ്ണുക എന്നത് മലയാളിയുടെ വലിയ ആഗ്രഹമാണ്. മഹാദുരിതത്തിന്റെ കാലത്തും ഒരാള്‍ക്കും ഇതിന് വിഘ്‌നം വരാന്‍ പാടില്ലെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് പെന്‍ഷനുകളടക്കം മുന്‍കൂറായി ഈ പഞ്ഞസമയത്തും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. അവയില്‍ ചിലത്. ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 10 കിലോ വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്.

മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ അവശരായ 153 അപേക്ഷകര്‍ക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉള്‍പ്പെടെ ആകെ 250 അപേക്ഷകളില്‍ 1,71,85,000 രൂപ അനുവദിച്ചു.

ഒരു വര്‍ഷത്തിലധികം കാലയളവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള എക്‌സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികള്‍ക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികള്‍ ക്കായി 53,32,000 രൂപ, 2178 കയര്‍ തൊഴിലാളികള്‍ക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോ അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നല്‍കി.

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ തൊഴിലാളികള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നല്‍കും.

കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി 2020-ലെ ബോണസ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കയര്‍, കശുവണ്ടി മേഖലകളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ പോലീസ് സ്റ്റേഷനുകളിലേത് ഉള്‍പ്പെടെയുള്ള സാധാരണ പൊലീസ് ജോലികള്‍ക്കായി ഏകദേശം 10,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ ഇരുന്നുതന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തും. ഓണക്കാലത്തെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി ജനമൈത്രി പോലീസും രംഗത്തുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.