തണ്ണീര്‍മുക്കം മത്സ്യഗ്രാമം രണ്ടാംഘട്ട പദ്ധതി മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായുളള ജനകീയ മത്സ്യകൃഷിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യക്കൃഷിക്ക് ഏറെ സാധ്യതയുള്ള കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം പാല്‍, മുട്ട, ഇറച്ചി എന്നിവയിലും നാം സ്വയംപര്യാപ്തത കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു. മറ്റു കൃഷിയിലേതു പോലെ തന്നെ മികച്ച വരുമാനം നേടാന്‍ കഴിയുന്ന മേഖലയാണ് മത്സ്യക്കൃഷിയെന്നും പൊതുജലാശയങ്ങളില്‍ മത്സ്യ കൃഷിയ്ക്കായി ജനകീയ കൂട്ടായ്മകളിലൂടെ എല്ലാവരും കടന്നു വരണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേര്‍ന്നാണ് പഞ്ചായത്ത് മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 27,000 മത്സ്യ കുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കും. ജനകീയ സമിതികളുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. തണ്ണീര്‍മുക്കം പഞ്ചായത്ത് 16ആം വാര്‍ഡില്‍  പാട്ട്കുളത്തിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

ചടങ്ങില്‍ എ എം ആരിഫ് എംപി മുഖ്യാതിഥി ആയി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു വിനു, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമാമദനന്‍, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷമാരായ സുധര്‍മ്മ സന്തോഷ്, ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ സെബാസ്റ്റ്യന്‍, സനല്‍നാഥ്, ഫിഷറീസ് ഓഫീസ് സബ് ഇന്‍സ്‌പെക്ടര്‍ ലീന ഡെന്നീസ്, അക്വാ പ്രൊമോട്ടര്‍ ശ്രുതി എന്നിവര്‍ പങ്കെടുത്തു.