ഓണംസമൃദ്ധി 2020; ജില്ലയില്‍ അഞ്ച് ഹോര്‍ട്ടികോര്‍പ്പ് സ്ഥിരം സ്റ്റാളുകള്‍ പ്രവര്‍ത്തനം തുടങ്ങി

post

കോഴിക്കോട്: ഓണസമൃദ്ധി 2020ന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് ഹോര്‍ട്ടികോര്‍പ്പ് സ്ഥിരം സ്റ്റാളുകള്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്ത് 2,000 പഴം പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോ ടൊപ്പമാണ് ജില്ലയിലെ അഞ്ച് സ്റ്റാളുകളും ഉദ്ഘാടനം ചെയ്തത്. ഓണക്കാലത്ത് ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് പഴം, പച്ചക്കറി എന്നിവ ലഭ്യമാക്കുകയാണ് വിപണന കേന്ദ്രങ്ങള്‍ വഴി ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് ലാഭം നേടാനും ഇതുവഴി സാധിക്കും. 100 മുതല്‍ 150 രൂപ വരെയുള്ള പച്ചക്കറി കിറ്റുകള്‍ക്കൊപ്പം വിവിധ ജൈവ ഉല്പന്നങ്ങളും ഓണവിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്, ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഓഗസ്റ്റ് 27 മുതല്‍ 30 വരെ വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വടക്കന്‍ കേരളത്തില്‍ ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആദ്യഘട്ടത്തില്‍ ജില്ലയിലെ തണ്ണീര്‍പന്തല്‍, പേരാമ്പ്ര, വില്യാപ്പള്ളി, നരിക്കുനി, ചേവരമ്പലം എന്നിവിടങ്ങളില്‍ സ്റ്റാളുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിട്ടുനല്‍കിയ പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാം ഔട്ട് ലെറ്റിലാണ് പേരാമ്പ്ര സ്റ്റാള്‍. വില്യാപ്പള്ളിയില്‍ അമരാവതി ബസ് സ്റ്റോപ്പ് പരിസരത്തും ആയഞ്ചേരി പഞ്ചായത്തില്‍ തണ്ണീര്‍പന്തല്‍ ടാക്‌സി സ്റ്റാന്‍ഡിന് സമീപവുമാണ് സ്റ്റാള്‍.  ചേവരമ്പലത്ത് സിഗ്‌നല്‍ ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ സി. ഡബഌു. ആര്‍. ഡി. എം. ബൈപാസ് റോഡില്‍ ആണ് സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നരിക്കുനിയില്‍ സര്‍വീസ് സഹകരണ ബാങ്കിന് സമീപമാണ് സ്റ്റാള്‍.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്തുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് ന്യായവിലയില്‍ പച്ചക്കറി ലഭ്യമാക്കുക എന്നതാണ് ഹോര്‍ട്ടികോര്‍പ് പുതുതായി ആരംഭിക്കുന്ന സ്റ്റാളുകളിലൂടെ ലക്ഷ്യമിടുന്നത്.

മലബാറിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നാടന്‍ പച്ചക്കറികളും മൂന്നാര്‍ മേഖലയില്‍ നിന്ന് സംഭരിക്കുന്ന ക്യാരറ്റ്, ക്യാബേജ്, ബീന്‍സ്,  ഉരുള കിഴങ്ങ് തുടങ്ങിയ ശീതകാല പച്ചക്കറികളും സ്റ്റാളില്‍ ലഭിക്കും. മറുനാടന്‍ പച്ചക്കറികള്‍ മിതമായ വിലയില്‍ സ്റ്റാളുകളില്‍ വില്പനക്കെത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് പച്ചക്കറി വില്‍ക്കുക. ഹോര്‍ട്ടികോര്‍പ്പിന്റെ സര്‍ക്കാര്‍ അഗ്മാര്‍ക്ക് അംഗീകാരമുള്ള അമൃത് ഹണി, മറയൂര്‍ ശര്‍ക്കര എന്നിവ സ്റ്റാളില്‍ ലഭ്യമാകും.