കാത്തിരിപ്പിന് വിരാമം : കൊലുമ്പന്‍ കോളനിയിലേക്ക് വീണ്ടും പട്ടയം

post

ഇടുക്കി : കേരളത്തിന്റെ ഗോത്രവര്‍ഗ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള കൊലുമ്പന്‍ കോളനിയിലെ 29 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം നല്‍കുന്നു. കഴിഞ്ഞ ജനുവരിയില്‍ കട്ടപ്പനയില്‍ നടത്തിയ മെഗാ പട്ടയമേളയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍  ഈ കുടിയിലെ 36 കുടുംബങ്ങള്‍ക്ക് പട്ടയം  നല്കിയിരുന്നു.    

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ഇന്ന് (27) 2.30ന്  വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി രണ്ടാം ഘട്ട പട്ടയങ്ങള്‍ കൈമാറും.  ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍  യോഗത്തില്‍ അധ്യക്ഷനായിരിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയില്‍ 28549 പട്ടയങ്ങള്‍ ഇതുവരെ  വിതരണം ചെയ്തു.

 1950 കളില്‍ പെരിയാറില്‍ ജലവൈദ്യുതി പദ്ധതിക്കു വേണ്ടി ഇടുക്കി വനപ്രദേശത്ത് നിന്നും ഊരാളി കുടുംബങ്ങളെ വെള്ളാപ്പാറയിലേക്കു മാറ്റി പാര്‍പ്പിച്ചു. ഇടുക്കി ഡാമിന് സ്ഥാനം കാണിച്ച ആദിവാസി മൂപ്പന്‍ കൊലുമ്പന്റെ മരണശേഷം ഈ ഊരാളികുടി കൊലുമ്പന്‍ കോളനി എന്നറിയപ്പെടുന്നു. പിന്നീട് അവര്‍ മണ്ണിനെ പൊന്നാക്കി മാറ്റി.

കോളനിയിലെ മൂന്നോ നാലോ പേര്‍ക്കു മാത്രമാണ് ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളതെന്ന് ഇപ്പോഴത്തെ ഊരുമൂപ്പനും മുന്‍ പഞ്ചായത്തംഗവുമായ  രാജപ്പന്‍ ടി. വി  പറയുന്നു. പട്ടയത്തിന് വേണ്ടി ഒരുപാട് നടന്നിട്ടുണ്ട്. സര്‍ക്കാരിനോടും അതിന് മുന്‍കയ്യെടുത്ത ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎം മണിയോടും നിരന്തര ശ്രമം നടത്തിയ ജില്ലാ കളക്ടറോടും നന്ദിയും കടപ്പാടും കൊലുമ്പന്‍ കോളനിക്കാര്‍ക്കുണ്ടെന്നു രാജപ്പന്‍ പറഞ്ഞു.

 ഇടുക്കി ഡാമിന്റെ നിര്‍മാണ സമയത്താണ് കൂടുതല്‍ പേര്‍ കുടിയേറിയത്. അന്ന് 150 ഏക്കറിലധികം ഭൂമി ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളുമായി ഏറ്റുമുട്ടിയാണ് കഴിഞ്ഞു പോയിരുന്നതെന്ന്  രാജപ്പന്റെ സഹോദരി രാജമ്മ തൈമായ്ക്കല്‍ ഓര്‍മിക്കുന്നു. കാടിനുള്ളില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കും. ആണുങ്ങള്‍  പുറത്ത് പണിക്കു പോയാണ് വരുമാനം കണ്ടെത്തിയിരുന്നത്. കെട്ടിക്കൊണ്ടുവരുന്ന പെണ്ണുങ്ങള്‍ക്ക് അന്നൊക്കെ എല്ലാവരുടെയും മുന്നില്‍ചെല്ലാന്‍ അവകാശമില്ലായിരുന്നു. ഇപ്പൊ അതെല്ലാം മാറി. ചെറു ചിരിയോടെ രാജമ്മയുടെ കൂട്ടുകാരി കമലാക്ഷിയും  പഴയ ഓര്‍മകള്‍ ഒന്നൊന്നായി ഓര്‍ത്തെടുത്തു. ചെമ്പകശ്ശേരി, അയിനി എന്നിവിടങ്ങളില്‍  നിന്നുമാണ് ഇങ്ങോട്ടു വന്നത്. ഇവിടെ വന്നകാലം  വണ്ടി പോകുന്ന ശബ്ദം കേള്‍ക്കുമ്പോ ആന വരുന്നതാണെന്നു വിചാരിച്ച് മക്കളെയുമെടുത്ത് ഏറുമാടത്തില്‍ കയറുമായിരുന്നു.

സ്വന്തം മണ്ണില്‍ ഒത്തിരി പണിയെടുത്തുവെങ്കിലും അത് സ്വന്തം എന്നു പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇക്കാലമത്രയും. എന്നാലിപ്പോള്‍ പട്ടയം കിട്ടുമെന്നറിയുമ്പോള്‍ രാജമ്മയുടെയും കമലാക്ഷിയുടെയും കണ്ണുകളിലും വാക്കുകളിലും  ആഹ്‌ളാദത്തിളക്കം.