കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ തൊഴിലുറപ്പില്‍ ഉപയോഗപ്പെടുത്തണം

post

ആലപ്പുഴ: കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്നും തൊഴിലുറപ്പുപദ്ധതി അതിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. കയര്‍ കേരളയ്ക്ക് മുന്നോടിയായി ഹോട്ടല്‍ പാല്‍മിറയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച കയര്‍ഭൂവസ്ത്രം ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ കയര്‍കേരളയ്ക്ക് ശേഷം 17-18 മുതല്‍ 90 കോടിയോളം രൂപയുടെ കയര്‍ ഭൂവസ്ത്രം എത്തിച്ചുകൊടുക്കാന്‍ കയര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞതായി സെമിനാര്‍ വിലയിരുത്തി. ഇതില്‍ ആലപ്പുഴയില്‍ മാത്രം മൂന്നുവര്‍ഷം 35 കോടിയോളം ഉപയോഗത്തിനായി വിപണിയിലെത്തിച്ചു. കൂടുതലും കയര്‍ കോര്‍പ്പറേഷനാണ് കയര്‍ ഭൂവസ്ത്രം നിര്‍മിച്ച് നല്‍കുന്നത്. സൊസൈറ്റികള്‍ വഴി 950 തറികളിലായി 50 ലക്ഷം സ്‌ക്വയര്‍മീറ്റര്‍ ഉല്‍പ്പാദന ശേഷി നിലവിലുണ്ട്. പ്രകൃതി സൗഹൃദ ഉല്‍പ്പന്നം വഴി റോഡ് നിര്‍മാണത്തിനും ബണ്ട് നിര്‍മിക്കുന്നതിനും ഉള്ള വസ്തുക്കളില്‍ ഒന്നായി കയര്‍ ഭൂവസ്ത്രങ്ങളും ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു. 

ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കയര്‍കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. കെ. ദേവകുമാര്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ എസ്. എസ്. ശ്രീകുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ എം.ഡി. ജി. ശ്രീകുമാര്‍, ആര്‍. അരുണ്‍ചന്ദ്രന്‍, ആര്‍. അശ്വിന്‍, ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ കെ. കെ. ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.