റെഡ് ഈസ് ബ്ലഡ് കേരളയുടെ ജീവാമൃതം പ്ലാസ്മ ഡൊണേഷന്‍ ഡ്രൈവ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

post

പത്തനംതിട്ട : റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റര്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ജീവാമൃതം പ്ലാസ്മ ഡൊണേഷന്‍ ഡ്രൈവ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ എം.എസ്. സുനിതയ്ക്ക് ക്യാമ്പയിന്‍ പോസ്റ്റര്‍ കൈമാറി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രകാശനം നിര്‍വഹിച്ചു. 

കോവിഡ് സ്ഥിരീകരിച്ചതിനുശേഷം നെഗറ്റീവായ 20 നും 50 ഇടയ്ക്ക് പ്രായമുള്ള പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായ വ്യക്തികളുടെ ഗൂഗിള്‍ ഫോം ഡേറ്റ തയ്യാറാക്കി പ്ലാസ്മ ചികില്‍സ പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യമിടുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രായമായ ആളുകള്‍ക്ക് പ്ലാസ്മ ചികിത്സ കാര്യക്ഷമമാണെന്ന് പരീക്ഷണങ്ങളില്‍ തെളിയിച്ചിരുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്ലാസ്മ ചികില്‍സ തുടരുന്നത് കണക്കിലെടുത്ത് റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റര്‍ ഇതിലേക്ക് ദാതാക്കളെ എത്തിക്കാന്‍ ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റര്‍ സെക്രട്ടറി ജസ്റ്റിന്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗം ശിവകുമാര്‍ എന്നിവര്‍  പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.