ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഒരുകുടക്കീഴില്‍ ഒരുക്കി സിവില്‍ സപ്ലൈസ് ഓണം ഫെയര്‍

post

കോഴിക്കോട് : ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഒരുകുടക്കീഴില്‍ ഒരുക്കി സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം ഫെയര്‍. പച്ചക്കറി, പലചരക്ക്, മറ്റ് ആവശ്യവസ്തുക്കള്‍ തുടങ്ങിയവയെല്ലാം തന്നെ യഥാര്‍ത്ഥ വിലയിലും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് കോഴിക്കോട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള സപ്ലൈകോ ഓണം ഫെയര്‍.

ആവശ്യ വസ്തുക്കള്‍ക്ക് പുറമെ കുടുംബശ്രീ സ്റ്റാള്‍, ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി സ്റ്റാള്‍,കയര്‍ഫെഡ്, മില്‍മ സ്റ്റാള്‍, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ട്.

സബ്സിഡി നിരക്കിലും സബ്സിഡി ഇതര നിരക്കിലും സാധനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. നിലവില്‍ മാവേലി സ്റ്റോറിലൂടെ വില്‍പനക്കെത്തിക്കുന്ന മുഴുവന്‍ സബ്സിഡി സാധനങ്ങളും അതേ നിരക്കിലാണ് ഫെസ്റ്റില്‍ വില്‍ക്കുന്നത്. നിത്യോപയോഗ, സ്റ്റേഷനറി സാധനങ്ങളെല്ലാം തന്നെ യഥാര്‍ത്ഥ വിലയിലും കുറഞ്ഞ നിരക്കിലും പത്തു മുതല്‍ മുപ്പതുശതമാനം വരെ വിലക്കിഴിവിലുമാണ് നല്‍കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിസ്റ്റാളുകളില്‍ ഓപ്പണ്‍ മാര്‍ക്കറ്റിലെതിനേക്കാള്‍ 20 ശതമാനം വിലക്കുറവിലാണ് വില്‍പന. സപ്ലൈകോ സ്റ്റാളില്‍ സപ്ലൈകോ കേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലഭ്യമാണ്.

കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ചാണ് സ്റ്റാളുകളുടെ പ്രവര്‍ത്തനം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൈകഴുകാനുള്ള സൗകര്യം,സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനിങ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ടോക്കണ്‍ അടിസ്ഥാനത്തിലാണ് വില്‍പ്പന. 10 മുതല്‍ ആറു വരെയാണ് പ്രവര്‍ത്തന സമയം. ഒരേ സമയം ആറുപേര്‍ക്ക് മാത്രമേ സ്റ്റാളില്‍ പ്രവേശിക്കാന്‍ കഴിയൂ. ഉദ്ഘാടന ദിനമായ ഇന്നലെ നൂറിലധികം പേരാണ് സ്റ്റാളുകളിലെത്തിയത്. ഫെയര്‍ ഈ മാസം 30ന് അവസാനിക്കും.