ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ നിസ്സഹകരണ സമരം പ്രഖ്യാപിക്കുമായിരുന്നു: സച്ചിദാനന്ദന്‍

post

സ്വത്വവും കുടിയേറ്റ വ്യാകുലതകളും ചര്‍ച്ച ചെയ്ത് ഓപ്പണ്‍ ഫോറം

തിരുവനന്തപുരം: മഹാത്മ ഗാന്ധിജി ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരുന്നെങ്കില്‍ വീണ്ടും നിസ്സഹകരണ സമരം പ്രഖ്യാപിച്ചേനെയെന്ന് കവി കെ. സച്ചിദാനന്ദന്‍. ലോക കേരള സഭയുടെ ഭാഗമായി 'ഇന്ത്യന്‍ ജനാധിപത്യവും കുടിയേറ്റവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യത്തെയും ജനത പൂര്‍ണമായി അവിടെ ജനിച്ചുവളര്‍ന്നവരല്ലെന്ന് ഓപ്പണ്‍ഫോറത്തില്‍ സംസാരിച്ച കവി സച്ചിദാനന്ദന്‍ പറഞ്ഞു. അനേകം സ്വത്വബോധങ്ങളാല്‍ സമ്മിശ്രമാണ് നമ്മുടെ സ്വത്വം. ആരാണ് ഇന്ത്യാക്കാര്‍ എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തില്‍, പല കുടിയേറ്റങ്ങളിലൂടെയുമാണ് ഇന്ത്യന്‍ ജനത രൂപപ്പെട്ടതെന്ന് നാം തിരിച്ചറിയണം. ദേശ, രാഷ്ട്ര രൂപീകരണത്തിനുശേഷമാണ് പൗരത്വമെന്നത് സ്വത്വ പ്രശ്‌നമായത്. പൗരത്വത്തിന് രേഖകള്‍ ഹാജരാക്കേണ്ട സാഹചര്യം വന്നാല്‍ അതില്‍ താനുള്‍പ്പെടെയുള്ളവര്‍ നിസ്സഹകരിക്കും. അക്രമരഹിതമായി അങ്ങനെയാണ് പ്രതികരിക്കാനാവുന്നത്.

ഇന്ത്യയുടെ സ്വത്വത്തെയും ജനാധിപത്യത്തെയും വൈവിധ്യത്തെയും ബാധിക്കുമെന്ന തിരിച്ചറിവാണ് ഇന്ത്യന്‍ യുവതയെ പ്രതിഷേധത്തിലേക്കിറക്കിയത്. ഒരു പ്രശ്‌നത്തിന്റെ മൂന്നു മാനങ്ങളാണ് ജനാധിപത്യം, പൗരത്വം, കുടിയേറ്റം എന്നിവ. പൗരത്വം തെളിയിക്കേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യയെ ഇന്ത്യയാക്കിയ ഏറ്റവും താഴേത്തട്ടിലുള്ള ദരിദ്രരെയും ദളിതരെയും ആദിവാസികളെയുമായിരിക്കും കൂടുതല്‍ ബാധിക്കുക. സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍ ഇന്ന് എവിടെയിരുന്നാലും നമുക്ക് മലയാളിസ്വത്വം കാത്തുസൂക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

1947ല്‍ റാഡ്ക്ലിഫ് ഭൂപടത്തില്‍ വരച്ച വര തീര്‍ത്ത അതിര്‍ത്തികളാണ് ഇന്ത്യയുടേതെന്ന് ശബ്ദമിശ്രകനും ഓസ്‌കര്‍ അവാര്‍ഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഒരു വരയില്‍ നിങ്ങള്‍ ആരുമല്ലാതായി തീര്‍ന്ന ആ കാലം അത്ര പഴയതല്ല. പൗരത്വം തെളിയിക്കണമെന്ന് പറയുമ്പോള്‍ ഇന്ത്യയുടെ സംസ്‌കാരം എങ്ങനെ രൂപപ്പെട്ടുവെന്ന് മനസിലാക്കണം. ഒരു രാജ്യാതിര്‍ത്തികള്‍ക്കും സംസ്‌കാരത്തെ നിര്‍വചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റദിവസം കൊണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായ ഒരുപാടുപേര്‍ കേരളത്തില്‍ തന്നെ ഉണ്ടായിരുന്ന കാര്യം നാം ഓര്‍മിക്കണമെന്ന് ചലച്ചിത്രകാരനും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. തന്റെ 'പരദേശി' എന്ന ചിത്രം പറഞ്ഞത് അത്തരക്കാരുടെ കഥയാണ്. കുടിയേറ്റം അപകടകരമായ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണ്. മലയാളി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ കുടിയേറ്റം നമുക്ക് ഒരുപാട് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തികമായും ജീവിത നിലവാരമുയര്‍ത്തുന്നതിലും ഒരുപാട് സഹായിച്ചു. കുടിയേറ്റക്കാരാണ് ഈ നാടിന്റെ പട്ടിണി മാറ്റിയത്, അവരെ നിസാരക്കാരായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

സജീവമായ ജനാധിപത്യം ഇന്ത്യയില്‍ തുടരുന്നതിന് കാരണം ശക്തമായ ഭരണഘടനയാണെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാത്തിനുമുള്ള മറുപടി ഭരണഘടനയിലുണ്ട്. കുടിയേറ്റം ഏതുകാലത്തും ചര്‍ച്ചാവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള നാടോടിയായാണ് സ്വയം വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ആഫ്രിക്കയില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തക കൂടിയായ മേതില്‍ രേണുക പറഞ്ഞു. പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും ഇത്തരം സമ്മേളനങ്ങള്‍ സാമ്പത്തിക, സാമൂഹ്യ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള വേദികളാകണം. ഇന്ത്യയെ താന്‍ കണ്ടെത്തിയത് ആഫ്രിക്കന്‍ വാസത്തിലൂടെയാണെന്നും അവര്‍ പറഞ്ഞു.

കുടിയേറ്റക്കാരെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും മനസിലാക്കണമെങ്കില്‍ നമ്മളാദ്യം കുടിയേറ്റക്കാരാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് വിനോദ് നാരായണന്‍ (വല്ലാത്ത പഹയന്‍) പറഞ്ഞു. ജനാധിപത്യത്തില്‍ നമുക്കും ഒരു പങ്കുണ്ടെന്നതാണ് പൗരത്വം കൊണ്ട് ജനങ്ങള്‍ വിശ്വസിക്കുന്നത്. അത് നഷ്ടപ്പെടുമ്പോള്‍ അവരുടെ പങ്കാളിത്തമാണ് നഷ്ടമാകുന്നത്. പൗരനില്‍ നിന്ന് കുടിയേറ്റക്കാരനായി തിരിഞ്ഞുനടത്തം നമ്മള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ജനതകളും കുടിയേറ്റങ്ങളിലൂടെയാണ് രൂപപ്പെട്ടതെന്നും തങ്ങളുടേതായ സ്വത്വം അവകാശപ്പെടാന്‍ ഒരു ജനതയ്ക്കും സംസ്‌കാരത്തിനും കഴിയില്ലെന്നും ഓപ്പണ്‍ഫോറം പൊതുവില്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രങ്ങളും അതിരുകളും നിര്‍വഹിച്ചശേഷമുള്ള സ്വത്വവും പൗരത്വവും മാത്രമാണ് എല്ലാവര്‍ക്കുമുള്ളതെന്ന് പാനലിലുള്ളവര്‍ അഭിപ്രായപ്പെട്ടു.

മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനായിരുന്നു മോഡറേറ്റര്‍. ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ ആമുഖപ്രഭാഷണം നടത്തി. യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം സ്വാഗതം പറഞ്ഞു.