സുഭിക്ഷ കേരളത്തില്‍ മുന്നേറി പരപ്പ ബ്ലോക്ക്

post

കാസര്‍കോട് : മലയോര മേഖലയില്‍ വീണ്ടും നെല്‍പ്പാടങ്ങളും പച്ചക്കറി തോട്ടങ്ങളും കപ്പക്കൃഷിയും സജീവമായി.പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശ് നിലങ്ങള്‍ വീണ്ടെടുത്തതോടെ നാട്ടുമ്പുറങ്ങളിലെ നന്മയും കൂട്ടായ്മയും അതുവഴി  സമൃദ്ധമായ കൃഷിയിയിടങ്ങളും  പുനര്‍ജനിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മാത്രം 55.4 ഹെക്ടര്‍ സ്ഥലത്താണ് നെല്‍ കൃഷി ചെയ്യുന്നത്.  ഇതില്‍ ഭൂരിഭാഗവും കരനെല്‍ കൃഷിയാണ്. കൂടാതെ  129 ഹെക്ടറില്‍ കപ്പ, ചേന മുതലായവയും കൃഷി ചെയ്യുന്നു. പച്ചക്കറിയില്‍ സ്വയം പര്യാപ്തത ഉറപ്പിക്കാന്‍  42 ഹെക്ടറോളം സ്ഥലത്ത് പയര്‍, വെള്ളരി, കക്കരി, വഴുതിന, വെണ്ട, മുളക് തുടങ്ങിയവയും കൃഷി ചെയ്യുന്നു. ഇതിനു പുറമെ എല്ലാ വീടുകളിലും ചെറിയ അടുക്കളത്തോട്ടവും നിര്‍മ്മിച്ചു കഴിഞ്ഞു. തരിശ് നിലങ്ങള്‍ക്ക് പുറമെ 380 ഹെക്ടറോളം സ്ഥലത്ത് വാഴ, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറി, ചേന, ചേമ്പ് തുടങ്ങിയവ ഇടവിളയായും കൃഷി ചെയ്യുന്നു. കൃഷി തുടങ്ങുന്നതിന് ആവശ്യമായ വിത്തുകളും കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്തു. കൂടാതെ തദ്ദേശീയമായി പരമ്പരാഗത കര്‍ഷകരില്‍ നിന്നും വിത്തുകള്‍ ശേഖരിച്ച് വിതരണം ചെയ്തു. നെല്‍ വിത്ത് പൂര്‍ണ്ണമായും കൃഷി വകുപ്പ് നല്‍കിയതാണ്.

സുഭിക്ഷ കേരളം പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കി വരുന്നത്.കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ തരിശായി കിടന്നിരുന്ന കൃഷിയോഗ്യമായ 99 ശതമാനം ഭൂമിയും ഇന്ന്  കൃഷി ഭൂമിയായി മാറിയിരിക്കുന്നു. നെല്ലും പച്ചക്കറിയും ഇവിടെ സമൃദ്ധമായി വിളയുന്നു.കൃഷി യോഗ്യമല്ലാത്ത ചെങ്കല്‍പാറകളില്‍ ഗ്രോ ബാഗുകള്‍ സ്ഥാപിച്ച പച്ചക്കറികള്‍ വിളയിക്കുന്നു. കൂടാതെ കോടോം-ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളും തരിശ് നിലങ്ങള്‍ കൂടുതല്‍ കണ്ടെത്തി കൃഷി ചെയ്യുന്നു. കൂടാതെ ക്ഷീരോത്പാദന മേഖലയിലും മത്സ്യക്കൃഷിയിലും കൂടുതല്‍ ആളുകള്‍ ഇറങ്ങിത്തുടങ്ങി. ഫിഷറീസ്ഡിപ്പാര്‍ട്ട്മന്റ്ുമായി സഹകരിച്ച് 89 പടുതക്കുളങ്ങളും 32 ബയോഫ്‌ളോക്ക്് കുളങ്ങളും നിര്‍മ്മിച്ച് കൃഷി ചെയ്യുന്നു.കള്ളാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യകൃഷി പ്രോത്്‌സാഹിപ്പിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.  

ലോക് ഡൗണില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും പ്രവാസികള്‍ക്കും വീട്ടില്‍ ഇരുന്ന് മടുത്തവര്‍ക്കും സുഭിക്ഷകേരളം പദ്ധതി  വെറും നേരം പോക്കല്ല. പുതിയൊരു  ജീവിത മാര്‍ഗമായിരുന്നു.നമുക്ക് വേണ്ടത് നമ്മളുണ്ടാക്കണമെന്ന ബോധ്യം എല്ലാവരിലുമുണ്ടായതാണ് പദ്ധതിയുടെ വിജയത്തിന്റെ പിന്നിലെന്ന് പരപ്പ അഗ്രോ സര്‍വ്വീസ് സെന്റര്‍ അസി. ഡയറക്ടര്‍ എല്‍ സുമ പറഞ്ഞു. ഇത്തവണത്തെ ഓണച്ചന്തകളില്‍ നമ്മുടെ പച്ചക്കറികളും ഉണ്ടാകും.