മുതിര്‍ന്ന പൗരന്മാര്‍ക്ക് 'ഗ്രാന്‍ഡ് കെയര്‍': പരിപാടിക്ക് ജില്ലയില്‍ തുടക്കം

post

കാസര്‍കോട് : കേരള സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രാന്‍ഡ് കെയര്‍ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കുകയും രോഗ ബാധ ഉണ്ടാകാതിരിക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ കണ്ടെത്തി അവരെ നിരന്തരം നിരീക്ഷിക്കാനും ആരോഗ്യം ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നത്.

 ആദ്യ ഘട്ടമായി ജില്ലയിലെ മുഴുവന്‍ വയോജന മന്ദിരങ്ങളിലും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ടീം അംഗങ്ങള്‍ വയോജനങ്ങളെ പരിശോധിച്ച ജീവന്‍ രക്ഷ മരുന്നുകള്‍ നല്‍കുകയും ചെയ്തു.  ജില്ലയില്‍ ആകെയുള്ള 20 വൃദ്ധസദനങ്ങളില്‍ ജീവനക്കാരിലും അന്തേവാസികളിലുമായി 927 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. രോഗലക്ഷണമുള്ളവരെ കണ്ടെത്താനും അത് വഴി രോഗവ്യാപന സാധ്യത ഒഴിവാക്കി സുരക്ഷിതരാക്കുന്നതിനാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 

 ജില്ലയിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്മാരെയും ഫോണില്‍ ബന്ധപ്പെടാനുള്ള കോള്‍ സെന്റര്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ നോഡല്‍ ഓഫീസറും  ആരോഗ്യ വകുപ്പ്,  വനിതാ ശിശു വികസന വകുപ്പ്,  കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഡോ ആസിയ, സ്റ്റാഫ് നേഴ്സ് ഗീതു ശ്രീധര്‍, ജെ പി എച്ച് എന്‍ സിന്ധു സി ആര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.