ഒറ്റപ്പെട്ട് താമസിക്കുന്ന പിന്നാക്ക വര്‍ഗ്ഗ വിഭാഗങ്ങളുടെ വിവരം ജല്‍ജീവന്‍ മിഷന് നല്‍കണം

post

ഇടുക്കി: എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ ജനങ്ങള്‍ വസിക്കുന്ന ഭവനങ്ങള്‍, സങ്കേതങ്ങള്‍ എന്നിവയുടെ വിവരം എത്രയും വേഗം  ജല്‍ജീവന്‍ മിഷന്‍ പദ്ധതി നിര്‍വ്വഹണ വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ ജില്ലാ വികസന ഓഫീസര്‍മാരോട് ജില്ലാതല ശുചിത്വമിഷന്‍ ചെയര്‍മാന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ ജലനിധി വഴി നടപ്പാക്കേണ്ട പദ്ധതികളുടെ അവലോകനത്തിനും അംഗീകാരത്തിനുമായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം  പറഞ്ഞത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വാട്ടര്‍ അതോറിറ്റി ജലവിതരണ-പദ്ധതി നിര്‍വ്വഹണ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, എസ്.സി/എസ്.ടി ജില്ലാ വികസന ഓഫീസര്‍മാര്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍, ജലനിധി മേഖലാ പദ്ധതി ഡയറക്ടര്‍ എന്നിവരുടെ ഒരു അടിയന്തര യോഗം കൂടുന്നതിന് ജില്ലാതല ശുചിത്വ മിഷന്‍ സെക്രട്ടറിയോടും നിര്‍ദ്ദേശിച്ചു.

ഭൂജല വകുപ്പ് പരിഗണിക്കുന്നതിന് പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അറിയിപ്പ് നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് വേഗത്തില്‍ പദ്ധതികള്‍ സമിതി മുമ്പാകെ സമര്‍പ്പിക്കുന്നതിനും ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.

ജലനിധി വഴി 2020-21 വര്‍ഷത്തില്‍  13 ഗ്രാമ പഞ്ചായത്തുകളില്‍ നല്‍കപ്പെടേണ്ട 2173 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്കായുള്ള 301.90 ലക്ഷം രൂപയുടെ 13 പദ്ധതികള്‍ യോഗം അംഗീകരിക്കുകയും പദ്ധതിയുടെ അനുമതിക്കായി സംസ്ഥാന ജല ശുചിത്വ സമിതി മുമ്പാകെ സമര്‍പ്പിക്കുന്നതിന് യോഗം തീരുമാനിക്കുകയും ചെയ്തു.

ജില്ലയിലെ 35 പഞ്ചായത്തുകളില്‍ കേരള വാട്ടര്‍ അതോറിറ്റി വഴി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കിയ എല്ലാ പദ്ധതികളും സമയബന്ധിതമായി സംസ്ഥാന ജല ശുചിത്വ മിഷന്റെ പരിഗണനക്ക് നല്‍കിയതായും അംഗീകാര നടപടികള്‍ പുരോഗമിക്കുന്നതായും തൊടുപുഴ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും ജില്ലാതല ശുചിത്വ മിഷന്‍ സെക്രട്ടറിയുമായ റ്റി.സി അനിരുദ്ധന്‍ യോഗത്തെ അറിയിച്ചു. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ജല്‍ജീവന്‍ മിഷന്‍ പദ്ധതി വഴി കുടിവെള്ളം എത്തിക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി -ജലനിധി-ഭൂജല വകുപ്പ് എന്നിവ സംയുക്തമായി ഓരോ പഞ്ചായത്തിനും ഭൂപ്രകൃതിക്ക് ഉതകുംവിധമുള്ള പദ്ധതി തയ്യാറാക്കി പദ്ധതി കാലാവധിക്കുള്ളില്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. നിലവില്‍ വാട്ടര്‍ അതോറിറ്റി പദ്ധതികള്‍ ഇല്ലാത്ത മറയൂര്‍, കാന്തല്ലൂര്‍, ഇടമലക്കുടി, സേനാപതി , കാമാക്ഷി, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളില്‍ ജലനിധി വഴി പദ്ധതികള്‍ വിഭാവനം  ചെയ്ത് നടപ്പാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

തന്റെ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് നിലവിലെ വാട്ടര്‍ അതോറിറ്റി പദ്ധതികള്‍ കൊണ്ട് മാത്രം സാധ്യമാകില്ലായെന്നും  വാട്ടര്‍ അതോറിറ്റി ജലവിതരണ ശൃംഖല ഇല്ലാത്തിടങ്ങളില്‍ ജലനിധിയും ഭൂജലവകുപ്പും പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും നിലവിലുള്ള പദ്ധതികള്‍ ശാക്തീകരിച്ച് നിലനിര്‍ത്തണമെന്നും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂജല വകുപ്പ് വഴി ക്രമീകരിച്ചിട്ടുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ വിമുഖത കാട്ടുന്നതിനാല്‍ ഈ പ്രവൃത്തികള്‍  ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

പീരുമേട് നിയോജകമണ്ഡലത്തില്‍ ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ 23 ജലനിധി കുടിവെള്ള പദ്ധതികളിലൂടെ 885 വീടുകളിലേക്ക് കുടിവെള്ളം എത്തിച്ചിട്ടുള്ളതായും 412 ഒറ്റപ്പെട്ട വീടുകളില്‍ ജലനിധിയുടെ മഴവെള്ള സംഭരണികള്‍ സ്ഥാപിച്ച കുടിവെള്ള ലഭ്യത ഉറപ്പാക്കിയതായും ജലനിധി മേഖല ഡയറക്ടര്‍ എം.എല്‍.എയെ അറിയിച്ചു. 2020-21 വര്‍ഷത്തേക്ക് ചക്കുപള്ളം പഞ്ചായത്തില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ജനനിധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടില്ലായെന്നും വാട്ടര്‍ അതോറിറ്റി വഴി പദ്ധതി നടപ്പാക്കുന്നതിന് അനുമതി ഈ സമിതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജല്‍ജീവന്‍ മിഷനില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഫണ്ടിന്റെ ക്രോഡീകരണത്തിനും കണക്ഷന്‍ ലഭ്യമാക്കേണ്ട ഭവനങ്ങളുടെ വിവരശേഖരണത്തിനും പഞ്ചായത്തുകള്‍ നേരിട്ട് നടത്തുന്ന കുടിവെള്ള പദ്ധതികളുടെ പ്രത്യേക പട്ടികയും നിലവിലെ അവസ്ഥയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും പീരുമേട് മണ്ഡലത്തിലെ കുടിവെള്ള വിതരണ പദ്ധതികള്‍ 2020-21 വര്‍ഷത്തിലെ ജലജീവന്‍ മിഷനില്‍ പരിഗണിച്ച് വരും വര്‍ഷങ്ങളില്‍ ക്രമീകരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനായി വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി, പഞ്ചയാത്ത് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജലപ്രതിനിധികളുടെയും അവലോകന യോഗം നടത്തണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അജി. പി.എന്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. മനോഹരന്‍, ജലനിധി തൊടുപുഴ മേഖലാ ഓഫീസര്‍ റ്റോമി കെ.ജെ, ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനു ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തങ്കച്ചന്‍ പി.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.