നഗരത്തിന്റെ ടൂറിസം ഹബ്ബ് ആകാനൊരുങ്ങി വഞ്ചിക്കുളം നേച്ചര്‍ പാര്‍ക്ക്

post

തൃശൂര്‍: തൃശൂര്‍ നഗരത്തിന്റെ ടൂറിസം ഹബ്ബ് ആകാന്‍ ഒരുങ്ങി നവീകരിച്ച വഞ്ചിക്കുളം. രാജഭരണ കാലത്ത് നഗര വ്യാപാര സിരാകേന്ദ്രം ആയിരുന്ന വഞ്ചിക്കുളം നഗരത്തിന്റെ ടൂറിസം ഹബ്ബ് ആക്കി മാറ്റാനായി കോര്‍പറേഷനും സംസ്ഥാന ടൂറിസം വകുപ്പും സഹകരിച്ച് ഒരുക്കുന്ന പദ്ധതിയാണ് വഞ്ചിക്കുളം നേച്ചര്‍ പാര്‍ക്ക് നിര്‍മാണം. നവീകരിച്ച വഞ്ചിക്കുളം ജൂണ്‍ അവസാനത്തോടെ സമര്‍പ്പിക്കപെടുന്നതോടെ നഗരത്തിന്റെ വിനോദ കേന്ദ്രങ്ങളുടെ തലസ്ഥാനം ആകും ഈ ഇടം.

ഒന്നേകാല്‍ നൂറ്റാണ്ട് മുന്‍പ് വരെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രം ആയിരുന്നു വഞ്ചിക്കുളം. പായലും ചളിയും നിറഞ്ഞു കിടന്നിരുന്ന കുളം 3 കോടി രൂപ ചിലവില്‍ നവീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള പവലിയന്‍ കെട്ടിടം കൂടുതല്‍ സൗകര്യങ്ങളോടെ പുതുക്കി പണിയും. ടിക്കറ്റ് കൗണ്ടര്‍, ലഘു ഭക്ഷണശാല എന്നിവ ഉള്‍പ്പെടുത്തി ബോട്ട് ഡക്ക് കെട്ടിടം നിര്‍മിക്കും. കുളത്തിനു ചുറ്റുമുള്ള പടവുകള്‍ വൃത്തിയാക്കി കുളക്കടവുകള്‍ പുതുക്കി പണിയും. ഭിത്തികള്‍ പുതുക്കി പണിയുകയും, ഇല്ലാത്തിടത് പുതിയത് നിര്‍മ്മിക്കുകയും ചെയ്യും. കുളത്തിനു ചുറ്റുമുള്ള സ്ഥലത്ത് നടപ്പാത, പൂന്തോട്ടം, പ്രതിമകള്‍, റോഡിന്റെ അതിര്‍ത്തി സംരക്ഷണം, മഴ കൊള്ളാതിരിക്കാനുള്ള നിര്‍മിതികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മ്മിക്കും. കനാലിന് കുറുകെ സ്റ്റീല്‍ പാലം, കനലിനോട് ചേര്‍ന്ന് നടപ്പാത, സൈക്കിള്‍ ട്രാക്ക്, ചെറിയ കടകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മ്മിക്കും. ആദ്യ ഘട്ടത്തില്‍ കനാലിന്റെ വടൂക്കര പാലം വരെയുള്ള 2.5 കിലോമീറ്ററില്‍ ബോട്ടിങ് തുടങ്ങും. രണ്ടാം ഘട്ടത്തില്‍ കനാല്‍ നവീകരണം കെഎല്‍ഡിസി കനാല്‍ വരെ നീട്ടും. കനോലി കനാല്‍, പുഴയ്ക്കല്‍ കനാല്‍ എന്നിവയുമായി വഞ്ചിക്കുളം കനലിനെ യോജിപ്പിക്കും. സൗരോര്‍ജ പദ്ധതിയും, മറ്റ് വൈദ്യുതീകരണ വര്‍ക്കുകളും ചെയ്യും, ആവശ്യമായ ദിശ സൂചിക ബോര്‍ഡുകള്‍, മാലിന്യ സംസ്‌കരണ പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. ചെടികള്‍ക്കായി ജല സേചന സൗകര്യവും ഏര്‍പ്പെടുത്തും. ഡി ഡി ആര്‍ക്കിടെക്റ്റ് തയ്യാറാക്കിയ ഡിസൈന്‍ കോര്‍പറേഷനും, ടൂറിസം വകുപ്പും അംഗീകരിച്ചു. ഡ്രഡ്ജിങ് ജോലികള്‍ കോര്‍പറേഷന്‍ നേരിട്ട് നടത്തും. സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്താന്‍ ടൂറിസം വകുപ്പ് സംസ്ഥാന നിര്‍മിതി കേന്ദ്രത്തെ ചുമതലപെടുത്തി. നിലവിലുള്ള ടോയ്‌ലറ്റ് നവീകരണം അനുബന്ധ പ്രവര്‍ത്തികള്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും നടത്തും.