കൊലച്ചിപ്പാറ കുടിവെള്ള പദ്ധതിക്ക് 58 ലക്ഷം രൂപ അനുവദിച്ചു

post

കോഴിക്കോട്: കൊലച്ചിപ്പാറ കുടിവെള്ള പദ്ധതിക്ക് 58 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 13,14,15 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഇത് നടപ്പിലാക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്ന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. ഉയരം കൂടിയ ഈ പ്രദേശത്തേക്ക് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളമെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് പദ്ധതി ഏറെ ഗുണം ചെയ്യും.

കേരള വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നിര്‍വ്വഹണം നടത്തുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.