കച്ചവട സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം

post

തിരുവനന്തപുരം: വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ക്യൂ ആന്റ് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആളുകള്‍ നില്‍ക്കേണ്ട സ്ഥാനം നിലത്ത് കൃത്യമായി അടയാളപ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ടീമിനെ നിയോഗിക്കും. ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ അഞ്ച് സ്പെഷ്യല്‍ സ്‌കോഡുകള്‍ രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിക്കുന്നില്ലെന്ന് പോലീസും ഉറപ്പുവരുത്തും. ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.