ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാന്‍ 455 കോടിയുടെ വായ്പാ പദ്ധതി

post

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാന്‍ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

പലിശ ഇളവുകളോടെ മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാ നിധി എന്നപേരില്‍ നടപ്പാക്കുന്ന രണ്ടുതരത്തില്‍പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകര്‍ക്കും ടൂറിസം വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കും. അഞ്ചു മാസത്തോളമായി നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം എസ്.എല്‍.ബി.സി. (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി) വിവിധ ബാങ്കുകള്‍ വഴി നിലവിലെ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയില്‍ ആദ്യത്തെ ഒരു വര്‍ഷത്തെ പലിശയുടെ അമ്പത് ശതമാനം സംസ്ഥാന ടൂറിസം വകുപ്പ് സബ് സിഡിയായി നല്‍കും. രണ്ടാമത്തെ പദ്ധതി ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേണ്ടിയാണ്. കേരള ബാങ്കുമായി ചേര്‍ന്നാണ് 100 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ കേരള ബാങ്ക് വായ്പ അനുവദിക്കും. ഒന്‍പതു ശതമാനമായിരിക്കും വായ്പയ്ക്കുള്ള പലിശ. ഈ പലിശയില്‍ മൂന്നു ശതമാനം മാത്രം ടൂറിസം മേഖലയിലെ തൊഴിലാളികള്‍ അടച്ചാല്‍ മതി. ആറു ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും.

നിലവില്‍ ടൂറിസം സംരംഭങ്ങള്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തന മൂലധന ലോണ്‍ എന്ന നിലയിലാണ് വായ്പകള്‍ അനുവദിക്കുന്നത്. 2500 ചെറുകിട സംരംഭകര്‍ക്ക് ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയും, 2500 വന്‍കിട സംരംഭകര്‍ക്ക്  അഞ്ചു മുതല്‍ 25 ലക്ഷം രൂപ വരെയുമാണ് വായ്പ നല്‍കുന്നത്. ഇങ്ങനെ 5000 ടൂറിസം സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് വേണ്ടി 355 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതി പ്രകാരം ആറ് മാസത്തേക്ക് ലോണ്‍ തിരിച്ചടവ് ഒഴിവാക്കിയിട്ടുണ്ട്. ആദ്യത്തെ ഒരുവര്‍ഷം പലിശയുടെ 50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കും. 355 കോടി രൂപയുടെ ഈ വായ്പാ പദ്ധതിയില്‍ പലിശ സബ്‌സിഡി നല്‍്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് 15 കോടി രൂപ പദ്ധതി വിഹിതത്തില്‍ നിന്ന് നല്‍കും.

ടൂറിസം മേഖലയിലെ പ്രതിസന്ധി കാരണം ബുദ്ധിമുട്ടിലായ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ സഹായിക്കാനാണ് ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം പദ്ധതി പ്രഖ്യാപിച്ചത്. ഓരോ തൊഴിലാളിക്കും ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ ഈ പദ്ധതിയിലൂടെ നാമമാത്രമായ പലിശയ്ക്ക് ലോണ്‍ ലഭ്യമാക്കും. കേരള ബാങ്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതി വഴി ലോണെടുക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ അടച്ചാല്‍ മതി. ഒമ്പതു ശതമാനം പലിശയ്ക്കാണ് കേരള ബാങ്ക് ലോണ്‍ നല്‍കുന്നതെങ്കിലും ഇതില്‍ ആറുശതമാനം പലിശ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. ഇതിനുള്ള അപേക്ഷ അതത് ജില്ലകളിലെ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴി നല്‍കണം. നാലു മാസത്തേക്ക് ലോണ്‍ തിരിച്ചടയ്‌ക്കേണ്ട. 100 കോടി രൂപയാണ് ടൂറിസം മേഖലയിലെ അമ്പതിനായിരം തൊഴിലാളികള്‍ക്ക് വായ്പ നല്‍കുന്നതിനായി വേണ്ടി വരുമെന്ന് കണക്കാക്കുന്നു. 

തൊഴിലാളികള്‍ക്ക്് പലിശ ഇളവ് നല്‍കുന്നതിന് ഒമ്പത് കോടി രൂപയാണ് ടൂറിസം വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നീക്കിവെക്കുന്നത്. ടൂറിസം മേഖലയ്ക്ക് ആശ്വാസം പകരുന്നതിന് മറ്റ് ചില സഹായ പദ്ധതികള്‍ കൂടി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, എസ്.എല്‍.ബി.സി. കണ്‍വീനര്‍ അജിത്് കൃഷ്ണന്‍, കേരള ബാങ്ക് സി.ഇ.ഒ. പി. എസ്. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

നാലുവര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച

സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച ഉണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  അന്താരാഷ്ട്ര തലത്തില്‍ വ്യത്യസ്തവും വിപുലവുമായി നടത്തിയ പ്രചാരണ ക്യാംപയിനുകളിലൂടെയും, നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെയും, പുതിയ ഡെസ്റ്റിനേഷനുകള്‍ വികസിപ്പിച്ചെടുക്കാനായതിന്റെയും ഫലമായാണ് ടൂറിസം മേഖലയില്‍ നാലുവര്‍ഷത്തിനിടെ മുന്നേറാനായത്. ഓഖി, നിപ, പ്രളയം തുടങ്ങി വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ വളര്‍ച്ച. 

കേരളത്തില്‍ നടക്കുന്ന വിവിധ വള്ളംകളികള്‍ കോര്‍ത്തിണക്കി ലോകമെമ്പാടുമുള്ള വിനോദസ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിച്ചു. 2019ല്‍ കേരളത്തിലെ 12 കേന്ദ്രങ്ങളില്‍ ചാമ്പ്യന്‍സ്് ബോട്ട് ലീഗ് വള്ളംകളി മത്സരം വിജയകരമായി അരങ്ങേറി. തിരുവനന്തപുരം ജില്ലയിലെ ചാല പൈതൃക തെരുവ് നവീകരിച്ച് സംരക്ഷിക്കുന്നതിന് 10 കോടി രൂപയുടെ പൈതൃക പദ്ധതി നടപ്പാക്കി വരുന്നു. ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു. മടവൂര്‍പ്പാറയില്‍ ഏഴു കോടി രൂപ ചെലവില്‍ ടൂറിസം അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കി. കോഴിക്കോട് മിഠായി തെരുവ് പൈതൃക പദ്ധതി ആറരക്കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആദ്യ ടൂറിസം പദ്ധതി ജടായുപാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയായി. മൂന്നാംഘട്ടം പ്രവൃത്തി നടന്നുവരുന്നു.

സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ 15,518 യൂണിറ്റുകള്‍ പുതുതായി രൂപീകരിച്ച് പ്രത്യക്ഷമായും പരോക്ഷമായും 78,000 പേര്‍ക്ക്  ടൂറിസം മേഖലയില്‍ തൊഴില്‍ നല്‍കാനായി. കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്ന ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി ആവിഷ്‌കരിച്ചു. തദ്ദേശസ്ഥാപനങ്ങള്‍, സാമൂഹ്യ സംഘടനകള്‍, എന്‍.ജി.ഒകള്‍ വിദ്യാര്‍ഥി  സമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതി നടപ്പാക്കുന്നത്.

ടൂറിസം വികസന പ്രക്രിയയില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ പെപ്പര്‍ പദ്ധതി നടപ്പാക്കി. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ എല്ലാം തന്നെ ഭിന്നശേഷി സൗഹൃദം ആക്കുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തില്‍ നൂറോളം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കി.

വേളി ടൂറിസ്റ്റ് വില്ലേജ് ചുറ്റി കാണാന്‍ സഞ്ചാരികള്‍ സൗകര്യമൊരുക്കുന്ന ട്രെയിന്‍ സര്‍വീസ് കേരളത്തില്‍ ആദ്യമായി ആരംഭിക്കാന്‍ 10 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി. വേളി ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്രവികസനത്തിനായി 20 വര്‍ഷം മുമ്പ് ഏറ്റെടുത്ത ഭൂമിയില്‍ ആദ്യമായി കണ്‍വെന്‍ഷന്‍ സെന്റര്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഇക്കോ പാര്‍ക്ക്, അര്‍ബന്‍ പാര്‍ക്ക് എന്നിവ ആരംഭിക്കാന്‍ 34 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. തെന്‍മല ഇക്കോടൂറിസം പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അഞ്ചു കോടി രൂപ മുടക്കി ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതി നിര്‍മാണം പൂര്‍ത്തിയായി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. 

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ കോവളം, ശംഖുമുഖം, ആക്കുളം, വര്‍ക്കല, എന്നിവിടങ്ങളില്‍ 60 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം സംരക്ഷിക്കുന്നതിനും, സഞ്ചാരികള്‍ക്കായി ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കാനുമായി 10 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് സര്‍ഗാലയ മാതൃകയില്‍ നവീകരിച്ചു. ശ്രീനാരായണഗുരുവിന്റെ ജന്‍സ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിത ചരിത്രവും ദര്‍ശനവും സഞ്ചാരികള്‍ക്ക് ലഭ്യമാക്കാനും ഉദ്ദേശിച്ചുകൊണ്ട് ഒരു കണ്‍വെന്‍ഷന്‍ സെന്ററും, ഡിജിറ്റല്‍ മ്യൂസിയം നിര്‍മ്മാണത്തിനുമായി ആദ്യഘട്ടം 10 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവൃത്തി ത്വരിതഗതിയില്‍ നടന്നുവരുന്നു. ഗുരുവായൂരില്‍ 24 കോടി രൂപ ചെലവഴിച്ച് 56 മുറികളുള്ള പുതിയ ഗസ്റ്റ് ഹൗസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്ര പരിസരം ആകര്‍ഷകമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ 100 കോടി രൂപയുടെ സ്വദേശി ദര്‍ശന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചതായി മന്ത്രി അറിയിച്ചു.

മലബാര്‍, മലനാട് റിവര്‍ ക്രൂയിസ് പ്രോജക്ടിന് സംസ്ഥാന സര്‍ക്കാര്‍ 50 കോടിയോളം രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നല്‍കുകയും 15 ലധികം ബോട്ട് ടെര്‍മിനലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു. 325 കോടി രൂപ ചെലവ് വരുന്ന മലബാര്‍, മലനാട് റിവര്‍ ക്രൂയിസ് പ്രോജക്ട് മലബാറിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കും. ആലപ്പുഴ, തലശ്ശേരി, പൊന്നാനി എന്നീ കേരളത്തിലെ പഴയ പുരാതന വ്യാപാര കേന്ദ്രങ്ങളില്‍ പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കി വരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ പൈതൃക സ്മാരകങ്ങള്‍ അടിസ്ഥാനമാക്കി പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കാന്‍ നടപടിയായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.