ചിങ്ങം പിറന്നു; ജില്ലയ്ക്ക് സമ്മാനം 68.06 കോടി രൂപയുടെ പദ്ധതികള്‍

post

കാസര്‍കോട്: കൊല്ലവര്‍ഷ ആരംഭദിനമായ ചിങ്ങം ഒന്നിന് ജില്ലയ്ക്ക് 68.06 കോടി രൂപയുടെ പദ്ധതികള്‍ ലഭിച്ചു. ഇതില്‍ ചിലപദ്ധതികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനത്തിനും മറ്റുചിലതിന്റെ ശിലാസ്ഥാപനവും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഈ ആറ് പദ്ധതികള്‍ക്കും തിരിതെളിഞ്ഞത്. നിര്‍ഭയ വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോം (2.47 കോടി രൂപ), അമ്പലത്തല സോളാര്‍ പാര്‍ക്ക് 220 കെ വി സബ്‌സ്റ്റേഷന്‍ (39.68 കോടിരൂപ), രാജപുരം 33 കെ വി  സബ്‌സ്റ്റേഷന്‍ (12.75 കോടിരൂപ), ബല്ല വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് (25 ലക്ഷം രൂപ) എന്നിവയുടെ ഉദ്ഘാടനവും വണ്‍സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും (61 ലക്ഷം) ചെമ്മനാട് സ്റ്റേഡിയത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ് (12.3 കോടി) ആരംഭം കുറിക്കല്‍ ചടങ്ങുമാണ് ഇന്നലെ നടന്നത്. ഇതിനു പുറമേ ക്ഷീര കര്‍ഷകര്‍ക്കുള്ള കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി ഉദ്ഘാടനം ചെയ്തു നീലേശ്വരം എടത്തോട് റോഡ് വികസന അവലോകന യോഗവും റവന്യു മന്ത്രി അധ്യക്ഷതയില്‍ നടന്നു. സര്‍വ്വേ ഓണ്‍ലൈന്‍ പരിശീലനപരിപാടിയും മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.