ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും-മുഖ്യമന്ത്രി

post

തിരുവനന്തപുരം : ഇപ്പോഴത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ  ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഏതൊക്കെ രാജ്യങ്ങളില്‍ ഏതൊക്കെ തൊഴിലുകള്‍ക്കാണ് അവസരം, അതിന് ഏതുതരം നൈപുണ്യമാണ് ആവശ്യം, ഇടനില ചൂഷണം എങ്ങനെ ഒഴിവാക്കാം, ഏതുഭാഷയിലാണ് പ്രാവീണ്യം ആര്‍ജിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്വീകരിക്കേണ്ട നടപടികള്‍ സഭ ചര്‍ച്ചചെയ്യും.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സ്വകരിക്കേണ്ട നടപടികള്‍, പ്രവാസികളുടെ തൊഴില്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമുള്ള പ്രോല്‍സാഹനം, പ്രവാസി ചിട്ടി, ഡിവിഡന്റ് ബോണ്ട് തുടങ്ങിയ ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍  ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളുടെ ചര്‍ച്ചാവേദിയാകും സഭയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക കേരള സഭയില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ നിയമമാകില്ല എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും കേരള നിയമസഭ ചര്‍ച്ച ചെയ്യേണ്ട ഒരു ബില്ലിന്റെ പ്രാഥമിക രൂപം  ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇവിടെ ചര്‍ച്ചചെയ്തശേഷം അത് പരിഗണനയ്ക്കായി എത്തുമ്പോള്‍ സംസ്ഥാന നിയമസഭയ്ക്ക് അത് അതേപടി സ്വീകരിക്കാനോ മെച്ചപ്പെടുത്താനോ കൂട്ടിച്ചേര്‍ക്കാനോ മാറ്റം വരുത്താനോ അവകാശമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
നിയമ പരിരക്ഷ കിട്ടുന്നതോടെ ലോക കേരള സഭയ്ക്ക് കൂടുതല്‍ ശക്തിയും ഊര്‍ജവും ലഭിക്കുമെന്നും അതോടെ ഇത് വായുവില്‍ നില്‍ക്കുന്ന ഒരു കാര്യമല്ല എന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തുള്ള കേരളയീരെ കേരളവുമായും കേരളത്തെ അവരുമായും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുന്ന വേദിയാണ് ലോക കേരള സഭ. ഭാവി കേരളം എന്താകണം എന്നകാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് പ്രവാസി സമൂഹം. അത്തരം കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കാനുള്ള ഒരു വേദി ഇതേവരെ ഉണ്ടായിരുന്നില്ല. ആ പോരായ്മയാണ് പരിഹൃതമായിരിക്കുന്നത്. പ്രവാസികളുടെയും കേരള സമൂഹത്തിന്റെയും പരസ്പര ബന്ധത്തില്‍ ഇപ്പോള്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രവാസികള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ഗ്യാരന്റിയോടെ  ധനനിക്ഷേപം നടത്താം. അത് ഏതുമേഖലയില്‍ വേണമെന്നും അവര്‍ക്ക് തന്നെ തീരുമാനിക്കാം. ഇത്തരം പദ്ധതികളുടെ നടത്തിപ്പ് പുരോഗതി എവിടെ വരെയായി എന്ന് അവര്‍ക്ക് നേരിട്ട് വിലയിരുത്താനുമുള്ള അവസരമുണ്ട്. കേരള വികസനത്തില്‍ മുമ്പെന്നെത്തേക്കാളും കൂടുതല്‍ സജീവമായി പങ്കെടുക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.