തദ്ദേശ തിരഞ്ഞെടുപ്പ്: ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്തി

post

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ വിദഗ്ധരുമായി കമ്മീഷന്‍ യോഗം ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള കോവിഡ് പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പില്‍ നിന്നും ലഭ്യമാക്കും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കമ്മീഷന്‍ നടത്തും.  ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ബോധവല്‍കരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും.

സംസ്ഥാനത്തെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുളള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുമാണ് ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടത്. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ കാലാവധി നവംബര്‍ 11നാണ് അവസാനിക്കുക. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് കമ്മീഷന്റെ ഭരണഘടനാ ബാധ്യതയാണ്.  അതിനാലാണ് തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മാസം തന്നെ ആരംഭിക്കും.  മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനമാണ് നടത്തുന്നത്.  മറ്റ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം ബ്ലോക്ക് തലത്തില്‍ 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ട് നല്‍കും. ഈ പരിശീലന പരിപാടികളില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ബോധവല്‍കരണം നടത്തും.