നാലുവര്‍ഷമായി സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം: മന്ത്രി ജി സുധാകരന്‍

post

നാലു വര്‍ഷത്തില്‍ പതിനായിരത്തിലേറെ റോഡുകള്‍ ബി.എം.ബി.സി. നിലവാരത്തിലാക്കി

തിരുവനന്തപുരം: നാലു വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസനമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് വഴി അഞ്ച് വര്‍ഷം മാത്രം വന്ന ഫണ്ട് 1,05,608 കോടി രൂപയാണ്. നവംബറിനുള്ളില്‍ 5,890 കോടി രൂപ അടങ്കലില്‍ 594 പ്രവൃത്തികള്‍ പണിതീര്‍ക്കുകയോ പണി ആരംഭിക്കുകയോ ചെയ്യും. മഴ കഴിഞ്ഞാലുടന്‍ 700 കോടി രൂപ അടങ്കലില്‍ കാലാവധി കഴിഞ്ഞ റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള പ്രോജക്ടുകള്‍ ടെന്‍ഡര്‍ ചെയ്തു.

സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ കേടുപാടുപറ്റിയ ഒരു റോഡുകളും ഉണ്ടാകാന്‍ പാടില്ലെന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ പാത നിര്‍മ്മാണത്തിന്റെ 25 ശതമാനം തുക സംസ്ഥാനമാണ് നല്‍കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ നാല് റീച്ചുകള്‍ ടെണ്ടര്‍ ചെയ്തു. എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ 200 കോടി ചെലവഴിച്ച് വൈറ്റിലയിലും കുണ്ടന്നൂരിലും നിര്‍മ്മിക്കുന്ന രണ്ട് പാലങ്ങളുടെ നിര്‍മ്മാണം 95 ശതമാനം പൂര്‍ത്തിയായി. ഒക്ടോബറില്‍ പാലങ്ങള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നാല് വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലേറെ റോഡുകളാണ് ബി.എം.ബി.സി. നിലവാരത്തില്‍ നിര്‍മ്മിച്ചത്. ഇരുപതിനായിരം കിലോമീറ്റര്‍ റോഡുകളാണ് ഇപ്രകാരം പുനര്‍നിര്‍മ്മിച്ചത്. 517 പാലങ്ങളുടെ നിര്‍മ്മാണമാണ് ഇക്കാലത്ത് ഏറ്റെടുത്തത്. കേരളത്തിന്റെ നിര്‍മ്മാണ ചരിത്രത്തില്‍ നാലുവര്‍ഷം കൊണ്ട് ഇത്രയധികം പാലങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. കുട്ടനാട് താലൂക്കില്‍ മാത്രം 14 പാലങ്ങളാണ് നിര്‍മിക്കുന്നത്. പാലം നിര്‍മിക്കുന്നതിന് പ്രത്യേക ചീഫ് എഞ്ചിനീയറും ജില്ലകള്‍ തോറും പാലം ഡിവിഷനുകളും ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. റോഡ് വിഭാഗത്തിനായി ചീഫ് എഞ്ചിനീയറെ നിയമിച്ചു. ഇന്ത്യയില്‍ത്തന്നെ ആദ്യമായി മെയിന്റനന്‍സ് ജോലികള്‍ക്കായി ഒരു ചീഫ് എഞ്ചിനീയറെ നിയമിച്ചു. അഞ്ച് ചീഫ് എഞ്ചിനീയര്‍മാര്‍ ഉണ്ടായിരുന്നത് എട്ട് ചീഫ് എഞ്ചിനീയര്‍മാരായി വര്‍ധിപ്പിച്ചു.

3,500 കോടി രൂപയുടെ മലയോര ഹൈവേ 21 റീച്ചുകളുടെ നിര്‍മ്മാണം നടക്കുകയാണ്. മലയോര ഹൈവേക്ക് 1,200 കിലോമീറ്ററില്‍ 3,500 കോടി രൂപയാണ് അടങ്കല്‍. തീരദേശഹൈവേയ്ക്ക് 650 കിലോമീറ്ററില്‍ 6500 കോടിയാണ് അടങ്കല്‍. രണ്ടും കിഫ്ബി പദ്ധതികളാണ്.

കോഴിക്കോട് നിന്നും വയനാടേക്കുള്ള തുരങ്ക പാതയ്ക്ക് 900 കോടി രൂപ അനുവദിച്ച് കൊങ്കണ്‍ റെയില്‍വേയെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എന്‍എച്ച് 66 ല്‍ ചരിത്രത്തില്‍ ആദ്യമായി യാത്രയ്ക്ക് ഏറ്റവും അനുയോജ്യമാക്കി. 1,413 കോടി രൂപയുടെ 101 സി.ആര്‍എഫ് റോഡുകളും 950 കോടിയുടെ 150 നബാര്‍ഡ് റോഡുകളും കേന്ദ്ര ഫണ്ട് വഴി നിര്‍മിക്കുന്നുണ്ട്. 4,000 കോടി രൂപ അടങ്കലില്‍ ലോകബാങ്കും സംസ്ഥാന പൊതുമരാമത്് വകുപ്പും ചേര്‍ന്ന് നിക്ഷേപം നടത്തി നിര്‍മിക്കുന്നു. കെ.എസ്.ടി.പിയുടെ 12 പ്രോജക്ടുകളില്‍ എട്ടും പൂര്‍ത്തിയായി. തിരുവല്ല ബൈപാസ് മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. തലശ്ശേരിവളവുപാറ പദ്ധതികളും താമസിയാതെ പൂര്‍ത്തീകരിക്കും. പുനലൂര്‍പൊന്‍കുന്നം പദ്ധതി 700 കോടി അടങ്കലില്‍ 80 കിലോമീറ്റര്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 2,000 കോടി അടങ്കലില്‍ റീബിള്‍ഡ് കേരളയുടെ 40 റോഡുകള്‍ നിര്‍മിക്കുന്നുണ്ട്.

കഴിഞ്ഞ പ്രളയത്തില്‍ നഷ്ടപ്പെട്ട മിക്ക റോഡുകളും പാലങ്ങളും അതിവേഗം പുനര്‍നിര്‍മിക്കാന്‍ നടപടിസ്വീകരിച്ചു. മധ്യതിരുവിതാംകൂറില്‍ എംസി റോഡ്, കെപി റോഡ്, എസി റോഡ്, അമ്പലപ്പുഴ-തിരുവല്ല റോഡ് തുടങ്ങിയവ ആധുനികവത്കരിച്ചു. കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍പ്പെടുത്തി 625 കോടി രൂപ അടങ്കലില്‍ വെള്ളപ്പൊക്കത്തെ അതീജീവിക്കുന്ന 25 കിലോമീറ്റര്‍ നീളത്തില്‍ 80 വന്‍കിട ചെറുകിട പാലങ്ങളോട് കൂടി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ലോകനിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതി തയാറാക്കി ടെന്‍ഡര്‍ ക്ഷണിച്ചു.

7,500 ലേറെ സര്‍ക്കാര്‍ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത്. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 655 കോടി രൂപയുടെ 42 റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കി. സര്‍ക്കാര്‍ സ്ഥാപങ്ങളില്‍ നൂറില്‍പരം സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങളുടെ നിര്‍മ്മാണമാണ് നടക്കുന്നത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 300 ലേറെ എന്‍ജിനിയറുമാരെ നല്‍കി പ്രത്യേക എന്‍ജിനിയറിംഗ്് വിഭാഗം ഉണ്ടാക്കിയതായും മന്ത്രി പറഞ്ഞു.

എല്ലാ റസ്റ്റ് ഹൗസുകളും നവീകരിക്കുകയും 30 ലേറെ പുതിയ റസ്റ്റ് ഹൗസ് മന്ദിരങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകളുടെ വരുമാനം രണ്ടുകോടി രൂപയില്‍നിന്ന് 14 കോടിയായി വര്‍ധിച്ചു. സര്‍ക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൗസ്, മൂന്നാര്‍ റസ്റ്റ് ഹൗസ്, വൈക്കം റസ്റ്റ് ഹൗസ് എന്നിവ വീണ്ടെടുത്തു. അതുവഴി 2000 കോടി രൂപയിലേറെ സ്വത്തുക്കളാണ് തിരിച്ചുപിടിച്ചതെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് മരുന്നും വികസനവുമായി മുന്നോട്ട് പോവുക എന്നാണ് സര്‍ക്കാര്‍ നയം. പൊതുമരാമത്ത് വകുപ്പില്‍ അഞ്ച് മാസം കൊണ്ട് 25,800 ഫയലുകള്‍ പരിശോധിച്ച് ഉത്തരവ് നല്‍കി. കോവിഡ് കാലത്ത് ഐസൊലേഷന്‍ സെന്ററുകള്‍ തയ്യാറാക്കാന്‍ 1,63,000 കിടക്കകള്‍ മരാമത്ത് ജോലികള്‍ ചെയ്തുതീര്‍ത്തതായും മന്ത്രി പറഞ്ഞു. ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പിരിവില്‍ 102 കോടിയുടെ അഴിമതിയാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കുതിരാന്‍ തുരങ്കം പൂര്‍ത്തിയാക്കാതെ വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് ബൈപ്പാസ് ടെണ്ടര്‍ പിടിച്ച് വര്‍ഷം രണ്ടുകഴിഞ്ഞെങ്കിലും കരാറുകാരന്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഈ മൂന്നു പ്രവൃത്തികളും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. കരാറുകാരുടെ വീഴ്ചക്കെതിരെ നടപടിയെടുത്തില്ല. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് ശക്തമായ പരാതിയുണ്ട്. അതിനാല്‍ ത്രികക്ഷി കരാര്‍ അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് കേരള സര്‍ക്കാരിന് വേണ്ടി മൂന്ന് കരാറുകളും റദ്ദാക്കണമെന്നും കരാര്‍ കമ്പനികളുടെ പേരില്‍ നടപടി വേണമെന്നും പുതിയ കരാര്‍ നല്‍കണമെന്നും ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

രജിസ്‌ട്രേഷന്‍ വകുപ്പില്‍ പുതിയ കാലം പുതിയ സേവനം എന്ന മുദ്രവാക്യം മുന്‍നിര്‍ത്തി പുതിയ സേവനങ്ങള്‍ ഏര്‍പ്പെടുത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 12,959 കോടി രൂപ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതു വഴി ലഭിച്ചു. അഴിമതി രഹിതമായി ഓഫീസുകള്‍ മാറ്റുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രര്‍ ഓഫീസിലെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഇപേമെന്റായി സ്വീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. വ്യാജ മുദ്രപ്പത്രങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ തയാറാക്കുന്നതിനുള്ള ഇസ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കി. ജില്ലയ്ക്കുള്ളില്‍ ഏത് സബ് രജിസ്ട്രാര്‍ ഓഫിസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന 'എനി വെയര്‍ രജിസ്‌ട്രേഷന്‍' സമ്പ്രദായം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

66,000 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ച സാഹചര്യത്തില്‍ 2020 - 21 സാമ്പത്തികവര്‍ഷത്തില്‍ പ്രവൃത്തി ആരംഭിക്കും. എറണാകുളം - കുമ്പളം, കുമ്പളം - തുറവൂര്‍, തുറവൂര്‍ - അമ്പലപ്പുഴ പാതയുടെ ഇരട്ടിപ്പിക്കലിന് 1,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി - കുറുപ്പുംതറ എന്നീ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍ ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.