തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ ഇനി പുതിയ മന്ദിരത്തില്‍

post

* മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :തലസ്ഥാന നഗരഹൃദയത്തിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തമ്പാനൂര്‍ ന്യൂ തിയേറ്ററിന് എതിര്‍വശത്താണ് 2.50 കോടി രൂപ ചെലവില്‍ നാലു നിലയിലുള്ള പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ലിഫ്റ്റ് സംവിധാനമടക്കമുളള കേരളത്തിലെ ആദ്യത്തെ ബഹുനില പോലീസ് സ്റ്റേഷന്‍ കെട്ടിടമാണ് തമ്പാനൂരില്‍ യാഥാര്‍ഥ്യമായത്. ഏറ്റവും മികച്ച കമ്പ്യൂട്ടര്‍, വയര്‍ലെസ്, ക്യാമറ, വൈഫൈ സംവിധാനങ്ങളും സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിലെ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന 'ചീറ്റ പട്രോള്‍' വാനുകളുടെയും ബൈക്കുകളുടെയും ഫ്‌ളാഗ് ഓഫും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് കെട്ടിടത്തിന് മുകളിലേക്ക് കയറിയും കെട്ടിടത്തില്‍നിന്ന് ചാടിയും കമാന്റോകളുടെ അഭ്യാസപ്രകടനവും അരങ്ങേറി. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ കെ. ശ്രീകുമാര്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.