വിനോദസഞ്ചാര കേന്ദ്രങ്ങളും ഇനിമുതല്‍ പ്ലാസ്റ്റിക് മുക്തമാകും

post

പാലക്കാട്: മലമ്പുഴ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡി.ടി.പി.സി, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, കൃഷി വകുപ്പ്, ഫിഷറീസ്, വനം വകുപ്പ് എന്നിവ സംയുക്തമായാണ് പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനും മലമ്പുഴ ഉദ്യാനത്തിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ ഐ ആര്‍ ടി സി യുടെ സഹായത്തോടുകൂടി നടപ്പിലാക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍ അറിയിച്ചു..

ജില്ലയിലെ  പൊതു പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗം സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സഹായത്തോടെ  പ്ലാസ്റ്റിക് വസ്തുക്കളുടെ സ്റ്റോക്ക് പരിശോധന നടത്തി വരുന്നുണ്ട്.ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 52 എണ്ണത്തിലും നിലവില്‍ പ്രവര്‍ത്തനക്ഷമമായ എം സി എഫ് ഉണ്ട്. 30 ഗ്രാമപഞ്ചായത്തുകളില്‍ താല്‍ക്കാലിക എം സി എഫ് കളും നിലവിലുണ്ട്. ജില്ലയിലെ എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത നിയമ സദസ്സ് എന്ന ബഹുജന വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതുവഴി 48000 റിസോഴ്‌സ് പേഴ്‌സണ്‍ മാര്‍ക്ക് ഹരിത കേരളം മിഷന്‍ നേരിട്ട് പരിശീലനം നല്‍കി. ഇവരുടെ സഹകരണത്തോടെ ബഹുജന വിദ്യാഭ്യാസ പരിപാടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയമപരമായി ഇടപെടലുകള്‍ വഴി ഗ്രാമപഞ്ചായത്തുകളില്‍ 56 കേസുകളും നഗരസഭകളില്‍ 116 കേസുകളും എടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.