ബഹുസ്വരതയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളും ഉയര്‍ത്തിപിടിക്കുക: ജില്ലാ കളക്ടര്‍ എസ് ഷാനവാസ്

post

തൃശൂര്‍: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് രാജ്യത്തെ ഓരോ പൗരന്റേയും കടമയെന്നും സ്വാതന്ത്ര്യസമരമൂല്യങ്ങള്‍ സാംശീകരിക്കാന്‍ കഴിഞ്ഞതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാതൃകയാവാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതെന്നും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പതാക ഉയര്‍ത്തിയതിന് ശേഷം സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് 19 സമൂഹവ്യാപന സാധ്യതകളുടെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടായിരുന്നു ഇത്തവണ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍. ജില്ലയുടെ ചുമതലയുണ്ടായിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് സ്വാതന്ത്ര്യ ദിന പരേഡില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചത്.

സ്വാതന്ത്ര്യസമരം മുന്നോട്ട് വച്ച മൂല്യങ്ങള്‍ സാംശീകരിച്ചതിനാലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 73 ആണ്ടുകള്‍ പിന്നിടുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മാതൃകയായി നിലനില്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നത്. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യത്തിലേക്ക് പിറന്ന വീണ പലരാജ്യങ്ങളും സൈനിക ആധിപത്യത്തിലേക്കോ ശിഥിലീകരണത്തിലേക്കോ പോയപ്പോഴും ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഇന്ത്യാ രാജ്യത്തിന് മുന്നോട്ട് പോകാന്‍ അവസരമൊരുക്കിയത് ഭരണഘടനയാണ്. വ്യക്തിയുടെ മൗലികാവകാശങ്ങള്‍, അരിക് വല്‍ക്കരിക്കപെടുന്നവരുടെ അവകാശപ്രഖ്യാപനങ്ങള്‍, മതനിരപേക്ഷത, ജനാധിപത്യം എന്നീ സങ്കല്‍പനങ്ങള്‍ തുടങ്ങിയവയാണ് നമ്മുടെ ഭരണഘടന മുന്നോട്ടുവെയ്കുന്നത്. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെ പോലും മുഖ്യധാരയോട് ചേര്‍ത്തു നിര്‍ത്തുന്ന ഉള്‍ക്കൊളളലിന്റെ തത്വശാസ്ത്രമാണ് ഭരണഘടന പ്രവര്‍ത്തികമാക്കുന്നത്. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന ഒട്ടേറെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബഹുസ്വരതയും പരമാധികാരവും സംരക്ഷിക്കുന്നത് നാമേവരും അണിനിരക്കണം. ജില്ലാ കളക്ടര്‍ പറഞ്ഞു.

ഏതെങ്കിലും ഒരു രാജ്യത്തു നിന്നോ സമൂഹത്തില്‍ നിന്നോ പകര്‍ത്തേണ്ട ഒന്നല്ല ജനാധിപത്യം; മറിച്ച് ഓരോ ജനതയും നേടിയെടുക്കേണ്ട ഒരു സംസ്‌കാരമാണത്. സ്വതന്ത്ര ഇന്ത്യയുടെ ഏഴു പതിറ്റാണ്ടുകള്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് നാം താണ്ടിയത്. നമ്മുടെ രാജ്യത്തിനെതിരെയുള്ള ഓരോ കടന്നുകയറ്റങ്ങളെയും വിജയകരമായി പ്രതിരോധിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട് . സമീപകാലത്തെ പ്രളയങ്ങളും ഇപ്പോഴിതാ കോവിടും വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. പുതിയ കാലത്തെ പുതിയ വെല്ലുവിളികളെ തികഞ്ഞ സാമൂഹിക ഒത്തിണക്കത്തോടെ നേരിടുവാന്‍ നമുക്ക് കഴിയുന്നുണ്ട്. കോവിഡ് ആയാലും പ്രളയമായാലും നമുക്ക് അതിജീവിച്ചേ പറ്റൂ. ഒരുതരത്തിലുള്ള വൈജാത്യവും അതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നില്ല എന്ന് കഴിഞ്ഞു പോയ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും ബോധ്യപ്പെടുത്തുന്നു. ഇങ്ങനെ ഒരു മനസോടെ പൊരുതുന്ന ഭാരതീയനെ ലക്ഷ്യം വച്ച് ഏത് ശത്രു ആയുധ മുന കൂര്‍പ്പിച്ചാലും നാം തളരില്ല. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെയും ത്യാഗമനുഷിച്ചവരെയും, കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരെയും, സന്നദ്ധ പ്രവര്‍ത്തകരെയും ഈ ഘട്ടത്തില്‍ നമുക്ക് നന്ദിയോടെ ഓര്‍ക്കാം . നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി അതിര്‍ത്തിയില്‍ ആത്മാര്‍പ്പണം നടത്തുന്ന നമ്മുടെ വീരസൈനികരെ ആദരവോടെ സ്മരിക്കാം. അവരുടെ ത്യാഗവും ബലിയും നിഷ്ഫലമാവില്ല എന്ന് നമുക്ക് ഉറപ്പാക്കാനായി സ്വാതന്ത്ര്യത്തിന്റെ അര്‍ധരാത്രിയില്‍ ഇന്ത്യ മനസില്‍ കുറിച്ച ആ ജനാധിപത്യബോധവും നിശ്ചയദാര്‍ഢ്യവും നമുക്ക് കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

ജില്ലാ റിസര്‍വ്വ് പോലീസ് ബറ്റാലിയനിലെ ഇന്‍സ്പെക്ടര്‍ കെ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ 3 പ്ലാറ്റുണൂകള്‍ മാത്രമാണ് പരേഡില്‍ പങ്കെടുത്തത്. സബ് ഇന്‍സ്പെക്ടര്‍മാരായ എ രാജന്‍, ഇ ആര്‍ ബൈജു, പി വി സിന്ധു എന്നിവരായിരുന്നു പ്ലാറ്റൂണുകളെ നയിച്ചത്

ജില്ലയിലെ സ്‌കൂളുകളിലെ സംഗീത അദ്ധ്യാപികമാര്‍ ആലപിച്ച ദേശഭക്തിഗാനത്തോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് 9 മണിയോടെ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പരേഡിനെ അഭിവാദ്യം ചെയ്ത് പതാക ഉയര്‍ത്തി. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, സബ് കളക്ടര്‍ അഫ്സാന പര്‍വീണ്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സംഗീത അദ്ധ്യാപികമാരുടെ സ്വാതന്ത്ര്യഗാനത്തോടെ സ്വാതന്ത്ര്യദിനാഘോഷത്തിന് സമാപനമായി.