കോവിഡിനെതിരെ പ്രതിജ്ഞാബദ്ധരാകണം: മന്ത്രി എം. എം. മണി

post

ഇടുക്കി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ ആദരവോടെ ഓര്‍ക്കുന്ന വേളയില്‍ ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കുവാനും കോവിഡിനെതിരെ പോരാടുവാനും ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

ലോകത്താകെ രോഗവ്യാപനം വര്‍ദ്ധിച്ചു വരികയാണ്. കോവിഡിനെതിരെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വിജയകരമാകുമെന്ന് ആശിക്കാം.   സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമാണ് സര്‍ക്കാരും വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തുന്നത്. ലോകം കൊവിഡിനെതിരെ നടത്തുന്ന പോരാട്ടത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നമ്മുടെ രാജ്യവും സംസ്ഥാനവും ഫലപ്രദമായി ഇടപെടുന്നുണ്ട്.  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം മഹത്തരമാണ്. കോവിഡിനെ തുടര്‍ന്ന് ലോകം നേരിടാന്‍ പോകുന്നത് പട്ടിണിയും ദാരിദ്ര്യവുമാണ്. ഇത് മുന്നില്‍ കണ്ട് ഭക്ഷ്യ ഉല്പ്പാദന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനം വിജയകരമായി മുന്നേറുന്നു. പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങള്‍ ഏറെ ദുഖകരമാണെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലാ ആസ്ഥാനമായ  കുയിലിമലയിലെ പൊലീസ്  സായുധസേനാ ക്യാമ്പില്‍ 74-ാമത് സ്വാതന്ത്യദിനാഘോഷത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി ദേശീയപതാക ഉയര്‍ത്തി. കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട്  തികച്ചും ലളിതമായാണ് ചടങ്ങ് നടത്തിയത്. വിശിഷ്ടവ്യക്തികള്‍ സല്യൂട്ട് സ്വീകരിച്ചു.  പരേഡ് കമാന്റര്‍ കെ. വി. ഡെന്നിയുടെ നേതൃത്വത്തില്‍ നടന്ന പരിമിതമായ പരേഡില്‍  ആര്‍എസ്ഐ സുനില്‍ പി. എം. നയിച്ച ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്, സബ് ഇന്‍സ്‌പെക്ടര്‍ പി. എസ്. പുഷ്പ നയിച്ച വുമണ്‍ ലോക്കല്‍ പോലീസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍ നയിച്ച എക്സൈസ് വകുപ്പിന്റെ പ്ലറ്റൂണുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.  എസ്ഐ മത്തായി ജോണിന്റെ നേതൃത്വത്തിലുള്ള ടീം  ബാന്റ് വാദ്യം ഒരുക്കി.

 അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിന്‍ എം എല്‍ എ,  ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി, അസി. കളക്ടര്‍ സൂരജ് ഷാജി, എഡിഎം ആന്റണി സ്‌കറിയ തുടങ്ങിയവരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ഒദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തു.