കോവിഡ് : തളരാതെ പോരാട്ടം തുടരണം; കളക്ടർ ടി വി സുഭാഷ്

post

74-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കണ്ണൂർ: കോവിഡ് പോരാട്ടത്തിനിടയിലും രാജ്യത്തിൻ്റെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷം ജില്ലയിൽ കർശന നിയന്ത്രണങ്ങളോടെ നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ല കളക്ടർ ടി വി സുഭാഷ് പതാക ഉയർത്തി. 

കണ്ണൂര്‍ ജില്ലാ പോലീസ് ,എക്‌സൈസ്, കണ്ണൂര്‍ എസ് എന്‍ കോളേജ് ഗവ പോളി ടെക്‌നിക് എന്‍ സി സിസി സീനിയര്‍ ഡിവിഷന്‍ എന്നീ പ്ലാറ്റൂണുകൾ അണിനിരന്ന പരേഡിൽ കലക്ടർ അഭിവാദ്യം സ്വീകരിച്ചു.തലശ്ശേരികോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ വി സ്മിതേഷ് പരേഡിനു നേതൃത്വ നല്‍കി .

ഏറെ വെല്ലുവെളികള്‍ നിറഞ്ഞ ഒരു സാഹചര്യത്തിലാണ് നമ്മള്‍ ഈ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. കോവിഡിനൊപ്പം നമ്മള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസമാവുകയാണ്. സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയിട്ടുണ്ടെന്ന് സ്വാതന്ത്രദിന സന്ദേശത്തിൽ കലക്ടർ പറഞ്ഞു.രോഗ ചികിത്സക്കുള്ള കുറ്റമറ്റ സംവിധാനം ഒരുക്കുന്നതിനൊപ്പം ഏറെ പ്രധാനമാണ് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. മുന്‍ അനുഭവമില്ലാത്ത ഈ മഹാമാരിയെ നേരിടുന്നതിന് നമ്മുടെ ജീവിത രീതിയിലും ശീലങ്ങളിലും വലിയ മാറ്റങ്ങള്‍ ആവശ്യമായിരുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഇതിനായി നാം നടത്തിയത്. അതിന് നല്ല ഫലം ലഭിച്ചുവെന്ന് പറയാം.ഇതുവരെ കൊവിഡ് രോഗ വ്യാപനം വലിയ തോതില്‍ തടഞ്ഞു നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞത് ഇതിന്റെ തെളിവാണെന്നും കളക്ടർ ചൂണ്ടിക്കാട്ടി.

മാര്‍ച്ച് പകുതിയോടെ തന്നെ കണ്ണൂര്‍ ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മുടങ്ങാതെ നടന്നു വരുന്ന ഡിഡിഎംഎ ഉൾപ്പെടെ പങ്കെടുക്കുന്ന ദൈനംദിന അവലോകന യോഗം,

കമ്മ്യൂണിറ്റി കിച്ചണ്‍, അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, അവര്‍ക്ക് സുരക്ഷിതരായി ജന്‍മ നാട്ടിലേക്ക് തിരിച്ചുപേകാനുള്ള സൗകര്യം ഒരുക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ജില്ല മാതൃകാപരമായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ രോഗീ പരിചരണവും പ്രതിരോധ പ്രവര്‍ത്തനവുമായി രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, വിശ്രമമറിയാതെ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഏത് കാര്യത്തിനും ജില്ലാ ഭരണസംവിധാനത്തിനൊപ്പം നിസ്വാര്‍ഥ പ്രവര്‍ത്തനവുമായി കൈകോര്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, എല്ലാ കടുത്ത നിയന്ത്രണങ്ങളും നാടിന്റെ രക്ഷക്കാണെന്ന വിശാല കാഴ്ചപ്പാടോടെ സഹകരിക്കുന്ന പ്രബുദ്ധരായ കണ്ണൂര്‍ ജനത എന്നിങ്ങനെ എല്ലാവരുടെയും സേവനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഇനിയും ഏറെ ദൂരം ശ്രമകരമായ ഈ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ തുടരേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ ഒട്ടും തളരാതെ ജനങ്ങളെ ഒപ്പം ചേര്‍ത്ത് നമുക്ക് കൊവിഡിനെതിരായ പോരാട്ടം തുടരണമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര, എഡിഎം ഇ പി മേഴ്‌സി, അസിസിറ്റന്റ് കളക്ടർ ആർ ശ്രീലക്ഷ്മി, സബ് കളക്ടർമാരായ ഇലാക്യ, ആസിഫ് കെ യൂസഫ്, അഡീഷണല്‍ എസ് പി പ്രജീഷ് തോട്ടത്തില്‍, എഎസ് പി രേഷ്മ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ച ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുക്തരായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തി. ഇരിട്ടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി ലത, കൂടാളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സോനു ബി നായര്‍, ഉറത്തൂര്‍ പ്രൈമറി സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി അജിത് കുമാര്‍, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ കെ സി സച്ചിന്‍ എന്നീ ഡോക്ടര്‍മാരെയും കണ്ണൂര്‍ ജില്ലാ ആശുപത്രി ഹെഡ്‌നഴ്‌സുമാരായ കെ പി ബീന,എസ് ബിന്ദു, തലശ്ശേരി താലൂക്കാശുപത്രി ഹെഡ് നഴ്‌സ് കെസി സ്‌റ്റെല്ല എന്നിവരെയും പാരാ മെഡിക്കല്‍ വിഭാഗത്തില്‍ നിന്നും പുഴാതി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍ കണ്ണൂര്‍ ജില്ലാശുപത്രി ന ഴ്‌സിംഗ് അസിസ്റ്റന്റ് എ എന്‍ സബിത, സാനിറ്റേഷന്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കെ എസ് രജനി, തലശ്ശേരി താലൂക്കാശുപത്രിയിലെ കെ ദിലീഷ്, കോവിഡ് മുക്തരായ തയ്യില്‍ സ്വദേശിനി തൊണ്ണൂറ്റിയാറുകാരി പി പി ആമിന , പെരിങ്ങോം വയക്കരയിലെ രാജേഷ്, ചെറുവാഞ്ചേരി സ്വദേശി 81 കാരനായ ഷംസുദ്ദീന്‍, മൂരിയാട് സ്വദശി ആബിദ്, ചെണ്ടയാട് സ്വദേശി സജീര്‍ എന്നിവരെയാണ് ആദരിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എ അനീഷ്, എസ് ഐ പി കെ സുമേഷ് കണ്ണൂര്‍ ഗവ പോളി ടെക്‌നിക് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കെ സരണ്‍ എന്നിവര്‍ പ്ലാറ്റൂണുകള്‍ക്കു നേതൃത്വം നല്‍കി.