തണല്‍ വീഥി പദ്ധതി, മലയോര ഹൈവേയ്ക്ക് തണലും അഴകും നല്‍കും - മന്ത്രി കെ രാജു

post

കൊല്ലം : വനം വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ തണല്‍ വീഥി മലോയര ഹൈവേയ്ക്ക് തണലും അഴകും നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. മലയോര ഹൈവേയുടെ വശങ്ങള്‍ ഹരിതാഭമാക്കുന്നതിന് വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈ നട്ടുകൊണ്ട് അഞ്ചല്‍ ആലഞ്ചേരിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വ്യാപാരികള്‍, തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ എന്നിവര്‍ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. മേഖല തിരിച്ച് ഇതിന്റെ ചുമതല നല്‍കുമെന്നും മന്ത്രി അറിയിച്ചു. സമാനതകളില്ലാത്ത റോഡ് വികസനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്നും മലയോര ഹൈവേ സംസ്ഥാന വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന   പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.

കയ്യേറ്റങ്ങള്‍ ഒഴിവാക്കി റോഡ് വികസനം ഉറപ്പു വരുത്തുന്നതിനോപ്പം, പാതയോരങ്ങളില്‍ തണല്‍മരങ്ങള്‍, അലങ്കാര വൃക്ഷങ്ങള്‍ എന്നിവ വച്ചുപിടിപ്പിച്ച് മനോഹരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുകൂടിയാണ് വനം വകുപ്പ് നേതൃത്വം കൊടുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടേയും വ്യവസായികളുടേയും തൊഴിലാളികളുടേയും നാട്ടുകാരുടേയും സര്‍വ്വാത്മനായുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഏരൂര്‍, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമാരായ സുഷാ ഷിബു, പി ലൈലാ ബീവി, സാമൂഹ്യ വനവത്കരണ വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍, ദക്ഷിണ മേഖല സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ സിദ്ധിക്ക്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്     എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലക്സ് തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ് ദേവരാജന്‍, എഫ് ഐ ബി ഡയറക്ടര്‍ കെ എസ് ജ്യോതി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ്  ചടങ്ങ് സംഘടിപ്പിച്ചത്.