കേരളത്തിലെ ആദ്യത്തെ കോവിഡ് സെക്കന്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്റർ എറണാകുളത്ത്

post

എറണാകുളം : സംസ്‌ഥാനത്തെ ആദ്യ കോവിഡ് സെക്കന്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്റർ കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ സജ്ജമായി. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും മെച്ചപ്പെട്ട ചികിത്സ എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യത്തിൽ ആണ് കോവിഡ് സെക്കന്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. 

200 കിടക്കകൾ ആണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. ഐ. സി. യു സൗകര്യം, എക്സ് -റേ സൗകര്യം, ഐ. സി. യു വിൽ പ്രവർത്തന പരിചയമുള്ള നഴ്സ്മാരുടെ സേവനം, വിദഗ്ദ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ, ഐ. സി. യു ആംബുലൻസ്, ശ്വസന സഹായികൾ, രോഗി പെട്ടന്ന് ഗുരുതരാവസ്ഥയിൽ എത്തുകയാണെങ്കിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഉപകരണങ്ങൾ എന്നിവയും എസ്. എൽ. ടി. സി കളിൽ ക്രമീകരിക്കും. ചികിത്സയിൽ ഉള്ളവർ ഗുരുതരാവസ്ഥയിലെത്തിയാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മാത്രം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന തരത്തിലുള്ള സംവിധാനങ്ങൾ ആണ് എസ്. എൽ. ടി. സി യിൽ ഒരുക്കിയിട്ടുള്ളത്. 

കളക്ടർ എസ്. സുഹാസ് നേരിട്ടെത്തി കേന്ദ്രത്തിലെ സൗകര്യങ്ങൾ വിലയിരുത്തി. അടുത്ത ദിവസം മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിക്കും.