പതിറ്റാണ്ടുകളായുള്ള പരാതികള്‍ ഓണ്‍ലൈനില്‍ തീര്‍പ്പാക്കി ജില്ലാ കളക്ടര്‍

post

കാസര്‍കോട് : 14 വര്‍ഷം സ്വന്തമെന്ന് കരുതി ജീവിച്ച ഭൂമിയുടെ പട്ടയം ഇനി അധികം വൈകാതെ കൊളത്തൂര്‍ വില്ലേജിലെ മണികണ്ഠന്റെ കൈകളിലെത്തും. മണികണ്ഠന്റെ സങ്കടം കേട്ട ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അടിയന്തര നടപടി സ്വീകരിക്കാന്‍ കാസര്‍കോട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി വില്ലേജ് ഓഫീസര്‍ക്ക് പട്ടയത്തിനായി അപേക്ഷ നല്‍കാന്‍ മണികണ്ഠനോട് നിര്‍ദ്ദേശിച്ചു. അപേക്ഷ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കാന്‍ തഹസില്‍ദാറെയും ഡപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍ ) ചുമതലപ്പെടുത്തി. കോവിഡ് കാലത്തും ജനങ്ങളുടെ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു. കാസര്‍കോട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലേക്ക് തത്സമയം കേട്ടത് 17 പരാതികളാണ്. പരാതിക്കാര്‍ വാട്‌സ്അപ്പിലൂടെ വീഡിയോ കോണ്‍ഫറന്‍സില്‍ കളക്ടറോട് നേരിട്ട് സംവദിച്ചു. പരാതികള്‍ കേട്ട കളക്ടര്‍ തത്സമയം തന്നെ പരാതികള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

പട്ടയവും, പെന്‍ഷനും കുടിവെള്ളവും മുതല്‍ സങ്കട ഹര്‍ജികള്‍ ഏറെ

1965-66 കാലഘട്ടത്തില്‍ സ്വന്തമായി പതിച്ചുകിട്ടിയ നാലേക്കര്‍ സ്ഥലത്തിന്റെ സ്‌കെച്ച് കിട്ടാന്‍ അപേക്ഷകള്‍ നല്‍കി കാത്തിരുന്ന കണ്ടോള്മൂലയില്‍ ദിവാകരന്റെ പരാതി അദാലത്തില്‍ തീര്‍പ്പാക്കി.  തഹസില്‍ദാര്‍ എ വി രാജന്‍ സ്‌കെച്ച്  നേരിട്ട് നല്‍കി. . 2006 മുതല്‍ പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയ  കുണ്ണാക്കന് പട്ടയം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  പെന്‍ഷന്‍ മുടങ്ങിയിട്ട് നാല് മാസമായി എന്ന് പരാതിപ്പെട്ട  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ സുഹ്‌റയ്ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന് കൈമാറും. മുതലപ്പാറയിലെ പള്ളം സംരക്ഷിക്കണമെന്ന് പരാതിയില്‍  പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ മണ്ണ്  സംരക്ഷണ ഓഫീസറെ കളക്ടര്‍ ചുമതലപ്പെടുത്തി. കുംബഡാജെ പഞ്ചായത്തിലെ ഓടങ്കലില്‍ പാലം നിര്‍മിക്കുന്നതിന് ജോസഫ് ക്രസ്റ്റ നല്‍കിയ പരാതിയില്‍ കിഫ് ബി പുതിയ പദ്ധതികള്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ പരിഗണിക്കുന്നതിന് സര്‍ക്കാറില്‍ അയക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ബദിയടുക്കയിലെ ശങ്കരയുടെ പരാതിയില്‍ ആറ് പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഹാന്‍ഡ് പമ്പിന് പകരം  മോട്ടോര്‍ പമ്പ് ലഭ്യമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കും പട്ടികജാതി വികസന ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി ഫറൂഖ് അബ്ദുള്ള മുഹമ്മദ് സൈനുദ്ദീന്‍ സാദത്ത് ഉദയഗിരിയിലെ നിര്‍മല കാസര്‍കോട് ദാക്ഷായണി, രാഘവന്‍ തുടങ്ങിയവരുടെ പരാതികളും കളക്ടര്‍ പരിഗണിച്ചു അദാലത്തിലേക്ക്  ലഭിച്ച 39 പരാതികളും തീര്‍പ്പാക്കി.