ടേക് എ ബ്രേക്ക് പദ്ധതിയുടെ പ്രോജക്ട് ഈ മാസം 20നകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടേക് എ ബ്രേക്ക് പദ്ധതിയുടെ പ്രോജക്ട് ഈ മാസം ഇരുപതിനകം സമര്‍പ്പിച്ചു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നു ജില്ലാ കളക്ടര്‍ പി. ബി. നൂഹ് നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

എന്താണ് ടേക് എ ബ്രേക്ക് പദ്ധതി? 

2020-21 വാര്‍ഷിക പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഒന്നാണ് ടേക് എ ബ്രേക്ക് പദ്ധതി. 

ഓരോ ഗ്രാമപഞ്ചായത്തിലും ഉയര്‍ന്ന നിലവാരമുള്ള രണ്ടു പൊതുശുചിമുറി സമുച്ചയങ്ങള്‍ വീതം നിര്‍മ്മിക്കുക. (ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസത്ത് ഒന്നും, സംസ്ഥാന/ ദേശീയ പാതയോരങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ക്ക് സമീപം, ബസ് സ്റ്റോപ്പ്/ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഒന്നും). ഓരോ മുനിസിപ്പാലിറ്റിയിലും ഉയര്‍ന്ന നിലവാരമുള്ള അഞ്ച് പൊതുശുചിമുറി സമുച്ചയങ്ങള്‍ വീതം നിര്‍മ്മിക്കുക. (മുനിസിപ്പല്‍ ഓഫീസ് പരിസത്ത് ഒന്നും, സംസ്ഥാന/ദേശീയ പാതയോരങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ക്ക് സമീപം, ബസ് സ്റ്റോപ്പ്/ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നാലും), സ്ഥലമുള്ളയിടങ്ങളില്‍ ശുചിമുറി സമുച്ചയങ്ങള്‍ക്കൊപ്പം കോഫി ഷോപ്പ്/റിഫ്രഷ്‌മെന്റ് സെന്റര്‍ കൂടി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണു പദ്ധതി.

തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ഓഫീസ് പരിസരത്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നിലവിലുള്ള ശുചിമുറികള്‍, ബസ് സ്റ്റാന്‍ഡ്/ബസ് സ്റ്റോപ്പ്/പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍/പൊതു ചന്തകളിലുള്ള ശുചിമുറികള്‍ എന്നിവ നവീകരിക്കുന്നതിനാണു മുന്‍ഗണന. നിശ്ചിത സ്ഥലങ്ങളില്‍ നിലവില്‍ ശുചിമുറികള്‍ ഇല്ലാത്ത ഇടങ്ങളില്‍ മാത്രം ദേശീയ-സംസ്ഥാന പാതയോരങ്ങള്‍ക്കു മുന്‍ഗണന നല്‍കി നിര്‍മ്മിക്കാം. 

ശുചിമുറികള്‍ പുതുക്കിപ്പണിയുന്നതിനോ പുതിയ നിര്‍മ്മാണത്തിനായോ ഉള്ള പദ്ധതികള്‍ 2020-21 വാര്‍ഷിക പദ്ധതി, തനത് ഫണ്ട്, എം.എല്‍.എ. എസ്.ഡി.എഫ്. /എ.ഡി.എസ്. ,  എം.പി. ഫണ്ട്, സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍), സ്വച്ഛ് ഭാരത് മിഷന്‍ പെര്‍ഫോര്‍മന്‍സ് ഇന്‍സെന്റീവ് ഗ്രാന്റ്, 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, ശുചിത്വ കേരളം (റൂറല്‍/അര്‍ബന്‍), ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ വികസനഫണ്ട് എന്നിവ ഉപയോഗിച്ചോ ഏറ്റെടുക്കാവുന്നതാണ്. പുതിയ ശുചിമുറികളുടെ നിര്‍മ്മാണത്തിനായി തദ്ദേശസ്ഥാപനത്തിന്റെ ഭൂമി കൂടാതെ മറ്റ് വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഭൂമിയും ഏറ്റെടുക്കാവുന്നതാണ്.

ശുചിമുറി സമുച്ചയങ്ങളുടെ സ്ഥലലഭ്യതയുടേയും ഉപയോഗിക്കാന്‍ സാധ്യതയുള്ള ആള്‍ക്കാരുടെ എണ്ണത്തേയും അടിസ്ഥാനമാക്കി അടിസ്ഥാനതലം (വാട്ടര്‍ ക്ലോസറ്റിന്റെ എണ്ണം-2), സ്റ്റാന്‍ഡേര്‍ഡ് തലം (വാട്ടര്‍ ക്ലോസറ്റിന്റെ എണ്ണം-4, യൂറിനല്‍ ബ്ലോക്കുകള്‍- 2), പ്രീമിയം തലം(വാട്ടര്‍ ക്ലോസറ്റിന്റെ എണ്ണം-5, യൂറിനല്‍ ബ്ലോക്കുകള്‍- 2) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. എല്ലാതലത്തിലും വാഷ് ബേസിന്‍, കണ്ണാടി, സാനിട്ടറി നാപ്കിന്‍ ഡിസ്‌ട്രോയര്‍, വിശ്രമസ്ഥലം, എന്നിവ ഒരുക്കണം. പ്രീമിയം തലത്തിനൊപ്പം കോഫി ഷോപ്പ്/റിഫ്രഷ്‌മെന്റ് സെന്റര്‍ സ്ഥാപിക്കണം. പരിപാലന ചുമതല കുടുംബശ്രീ സംരംഭക ഗ്രൂപ്പിനായിരിക്കും. ശുചിത്വമിഷനാണു പദ്ധതിയുടെ ഏകോപന ചുമതല. ജില്ലാതലത്തില്‍ ഏറ്റവും ഗുണനിലവാരത്തിലും സമയബന്ധിതവുമായി പണി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു പുരസ്‌കാരം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ഇ. വിനോദ് കുമാര്‍ പങ്കെടുത്തു.