'ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിക്ക് ഇന്ന് തുടക്കമാകും

post

കാക്കനാട്: പച്ചക്കറി കൃഷിയില്‍ സ്വയം പര്യപ്തത കൈവരിക്കുവാനും വിഷമുക്തമായ പച്ചക്കറി സ്വന്തം കൃഷിയിടത്തില്‍ ഉത്പാദിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുവാനുമുള്ള ലക്ഷ്യത്തോടുകൂടി നടപ്പിലാക്കുന്ന കൃഷി വകുപ്പിന്റെ 'ജീവനി  നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയ്ക്ക് ഇന്ന് (ജനുവരി1) തുടക്കമാകും.

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ, സഹകരണ  വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ , കാമ്പയിനുകള്‍ ,കൃഷി പാഠശാലകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ,സര്‍ക്കാര്‍ ,അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, വിവിധ ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമികളിലും വിഷമയമില്ലാത്ത കൃഷി ആരംഭിക്കും.

ജില്ലയിലെ എല്ലാ വാര്‍ഡ് മെമ്പര്‍മാരുടെയും , എം.എല്‍.എ, എം.പി തുടങ്ങിയ ജനപ്രതിനിധികളുടെ വീട്ടുവളപ്പില്‍ പദ്ധതി ആരംഭത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി തുടങ്ങും. 2020  ജനുവരി 1 മുതല്‍ 2021 ഏപ്രില്‍ വരെയുള്ള 470 ദിവസം വിഷവിമുക്ത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാകുവാനും അതിലൂടെ കാര്‍ഷിക മുന്നേറ്റവുമാണ്കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കൃഷി വകുപ്പിന് കീഴില്‍ നിലവില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ജീവനി പദ്ധതിക്കായി ഏകോപിപ്പിച്ചു നടപ്പിലാക്കാനാണ് തീരുമാനം. നമ്മുടെ ആരോഗ്യം നമ്മുടെ ഭക്ഷണത്തിലൂടെയാണെന്നും അതിനായി ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയില്‍ ജില്ലയിലെ എല്ലാവരും പങ്കാളികള്‍ ആകണമെന്നും വിഷമുക്ത പച്ചക്കറി ഉത്പാദിപ്പിക്കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു.