ജില്ലയില്‍ 16 ക്യാമ്പുകളില്‍ 272 പേര്‍

post

21 ക്യാമ്പുകള്‍ പിരിച്ചുവിട്ടു, ഒരു പുതിയ ക്യാമ്പ് തുറന്നു

തൃശൂര്‍: മഴക്കെടുതി മൂലം ജില്ലയില്‍ തുറന്ന ക്യാമ്പുകള്‍ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതോടെ 16 ആയി കുറഞ്ഞു. വ്യാഴാഴ്ച 21 ക്യാമ്പുകള്‍ പിരിച്ചുവിട്ടു. കൊടുങ്ങല്ലൂര്‍ താലൂക്കിലെ പൊയ്യ വില്ലേജില്‍ ഒരു പുതിയ ക്യാമ്പ് തുടങ്ങി. ചാലക്കുടി താലൂക്കിലെ മുഴുവന്‍ ക്യാമ്പുകളും അവസാനിപ്പിച്ചു. ജില്ലയില്‍ ആകെ 16 ക്യാമ്പുകളില്‍ 89 കുടുംബങ്ങളിലെ 272 പേര്‍ കഴിയുന്നു. ഇതില്‍ 130 സ്ത്രീകളും 106 പുരുഷന്‍മാരും 36 കുട്ടികളുമുണ്ട്.

കൊടുങ്ങല്ലൂര്‍ താലൂക്കിലെ പൊയ്യ വില്ലേജിലെ കുരുവിലശ്ശേരി ഹോളി ഗ്രേസ് സ്‌കൂളിലാണ് പുതിയ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. ഇതുള്‍പ്പെടെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പ്, 10 കുടുംബങ്ങള്‍, ആകെ 28 പേര്‍. തൃശൂര്‍ താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 56 കുടുംബങ്ങള്‍, 172 പേര്‍. മുകുന്ദപുരം താലൂക്കില്‍ നാല് ക്യാമ്പ്, 12 കുടുംബങ്ങള്‍, 38 പേര്‍. ചാവക്കാട് താലൂക്കില്‍ മൂന്ന് ക്യാമ്പുകള്‍, 11 കുടുംബങ്ങള്‍, 34 പേര്‍ എന്നിങ്ങനെയാണുള്ളത്.

ഇവയില്‍ മുതിര്‍ന്ന പൗരന്‍മാരായ 10 പേരും ഭിന്നശേഷിക്കാരായ രണ്ട് പേരും ക്വാറന്‍ൈറനില്‍ കഴിയുന്ന ഒരാളും ഉള്‍പ്പെടും.

ചാലക്കുടിയില്‍ ആഗസ്റ്റ് ഏഴ് മുതല്‍ എട്ട് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ ഉണ്ടായിരുന്നത്. മേലൂര്‍ പഞ്ചായത്ത് ഡിവൈന്‍ സെന്റര്‍ ഇംഗ്ലീഷ്, ഡിവൈന്‍ സെന്റര്‍ മലയാളം, പരിയാരം പഞ്ചായത്ത് കമ്യുണിറ്റി ഹാള്‍, ജി എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് അവസാനമായി  തുടര്‍ന്നിരുന്നത്. വെള്ളം കയറിയ പ്രദേശങ്ങള്‍ സാധാരണ നിലയിലായതിനെത്തുടര്‍ന്നാണ് താലൂക്കിലെ മുഴുവന്‍ ക്യാമ്പുകളും അവസാനിപ്പിച്ചത്.