മഴയ്ക്ക് ശമനം; ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കുറഞ്ഞു

post

കോഴിക്കോട് : മഴയ്ക്ക് ശമനമുണ്ടായതോടെ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. ജില്ലയിലെ വിവിധ താലൂക്കുകളിലായി അഞ്ച് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 19 കുടുംബങ്ങളില്‍ നിന്നായി 47 പേരാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. 

കോഴിക്കോട് താലൂക്കില്‍ രണ്ടു വില്ലേജുകളിലെ രണ്ടു ക്യാമ്പുകളിലായി 19 പേരുണ്ട്.  മാവൂര്‍ ജിഎംയുപി സ്‌കൂളില്‍ ആറ് കുടുംബത്തിലെ 13 പേരും കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ ആറ് പേരുമാണ് ക്യാമ്പില്‍ താമസിക്കുന്നത്.

വടകര താലൂക്കില്‍ നിലവില്‍ രണ്ടു ക്യാമ്പുകളുണ്ട്. ഒഞ്ചിയം അങ്കണവാടി, ചെക്യാട് ജാതിയേരി എം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 4 കുടുംബങ്ങളിലെ 12പേരാണ് താമസിക്കുന്നത്. 

താമരശേരി താലൂക്കില്‍ ഒരു ക്യാമ്പ് മാത്രമാണുള്ളത്. തിരുവമ്പാടി വില്ലേജിലെ സെന്റ് സെബാസ്റ്റ്യന്‍ എല്‍പിഎസ് മുത്തപ്പന്‍പുഴയിലെ ഈ ക്യാമ്പില്‍ 8 കുടുബങ്ങളിലെ 16 പേരാണുള്ളത്. പ്രദേശത്ത് രണ്ടു വീടുകള്‍ തകര്‍ന്നു. ഉണ്ണികുളം വില്ലേജിലെ മാവുള്ളകണ്ടി സാബിറ, കൊല്ലോന്നുമ്മല്‍ കലന്തന്‍ എന്നിവരുടെ വീടുകളാണ് മരം വീണ് തകര്‍ന്നത്.