സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട്: 2,550 സംരംഭങ്ങള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായി

post

തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019' ലൂടെ ഈ ഒന്‍പതുമാസത്തിനുള്ളില്‍ 2,550 സംരംഭങ്ങള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 201620 കാലഘട്ടത്തില്‍ ഈ മേഖലയില്‍ 5,231.05 കോടി രൂപയുടെ മൊത്ത നിക്ഷേപമാണുണ്ടായത്.

1,54,341 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സാധിച്ചു. അനായാസമായി വ്യാപാരങ്ങള്‍ക്ക് തുടക്കമിടാനാകുന്ന ഈ നിയമം കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് പ്രാബല്യത്തില്‍ വന്നത്.

പത്തു കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ മൂന്നുവര്‍ഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019' എന്ന നിയമത്തിലെ വ്യവസ്ഥ. ആദ്യ മൂന്നു വര്‍ഷത്തേക്ക് വിവിധ നിയമങ്ങള്‍ക്ക് കീഴിലുള്ള ലൈസന്‍സുകള്‍, അനുമതികള്‍, പെര്‍മിറ്റ് എന്നിവയില്‍ നിന്ന് ഒഴിവാകുന്നു. സ്വയം സാക്ഷ്യപത്രത്തേയാണ് മൂന്നു വര്‍ഷത്തേയ്ക്ക് ആധാരമാക്കുക. അതിന്റെ ഭാഗമായാണ് അനുമതി ലഭിക്കുക. ഇക്കാലയളവില്‍ യാതൊരുവിധ പരിശോധനകളും ഉണ്ടാവില്ല. ഇതിനുശേഷം ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് നേടണം. ചട്ടലംഘനത്തിനും വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ നല്‍കുന്നതിനും പിഴ ഈടാക്കും.

ദേശീയ തലത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ശക്തമായ മേഖലയായി ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് കേരളം 2019ല്‍ ഈ നിയമം പാസാക്കിയത്. കാര്‍ഷികമേഖല കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വളരെ കുറച്ച് മൂലധനം ആവശ്യമായ മേഖലയാണിത്. ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളെ വ്യാവസായികവല്‍ക്കരണത്തിലേക്ക് നയിക്കുന്ന ഈ മേഖലയിലൂടെ പ്രാദേശിക അസന്തുലിതാവസ്ഥ കുറച്ച് വരുമാനം, സമ്പത്ത് എന്നിവയുടെ തുല്യവിതരണം ഉറപ്പാക്കാനാകും.

ഇതു കൂടാതെ ഇവ വന്‍കിട വ്യവസായങ്ങള്‍ക്ക് പൂരകവുമാണ്. മികച്ച ഉപഭോഗ അടിത്തറയും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വലിയ വിപണിയും ഇത്തരം സംരംഭങ്ങളുടെ ആവശ്യകതയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് ചെറുകിട ഇടത്തര സൂക്ഷ്മ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.