ചങ്ങാടങ്ങള്‍ ഒരുങ്ങുന്നു;സിവില്‍ ഡിഫെന്‍സിന്റെ കരുതലില്‍

post

തൃശൂര്‍: ജന സുരക്ഷയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന്റെ വേറിട്ട മാര്‍ഗങ്ങളുമായി ഗുരുവായൂര്‍ ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫെന്‍സും. പ്രളയം, മഴക്കെടുതി എന്നിവ അതിജീവിക്കാന്‍ ജൈവ വസ്തുക്കള്‍, പാഴ് വസ്തുക്കള്‍ എന്നിവ കൊണ്ട് ചങ്ങാടങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ് സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍. കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വെള്ളക്കെട്ട് രൂക്ഷമായാല്‍ വെള്ളം കയറിയ സ്ഥലത്തു നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് ഈ ചങ്ങാടങ്ങള്‍ സഹായകരമാണ്. ഒറ്റപ്പെട്ടുപോയ വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കൊണ്ടു പോകുന്നതിനും ഇവ ഉപയോഗിക്കാം.

മുള, പിവിസി പൈപ്പ്, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ കൊണ്ട് മൂന്ന് ചങ്ങാടങ്ങളാണ് നാസര്‍, കരീം, നിഷാദ്, ജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയത്. 35 മുളകള്‍, കയര്‍, കാലി എണ്ണ വീപ്പകള്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ചങ്ങാടത്തില്‍ 12 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാം. പിവിസി പൈപ്പും ടയര്‍ ട്യൂബും കൊണ്ടുള്ള ചങ്ങാടത്തില്‍ നാല് പേര്‍ക്കും 300 പ്ലാസ്റ്റിക്ക് കുപ്പികള്‍ കെട്ടി മരപ്പലക വെച്ചുള്ള ചങ്ങാടത്തില്‍ മൂന്ന് പേര്‍ക്കും കയറാം. ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിമിന്റെ നിര്‍ദേശാനുസരണമാണ് സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ ചങ്ങാടങ്ങള്‍ നിര്‍മ്മിച്ചത്.