തദ്ദേശ വോട്ടര്‍പട്ടിക: കരട് പ്രസിദ്ധീകരിക്കും

post

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടര്‍പട്ടിക ഇന്ന് (ആഗസ്റ്റ് 12) പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.  കരട് പട്ടികയില്‍ 12540302 പുരുഷന്‍മാരും 13684019 സ്ത്രീകളും 180 ട്രാന്‍സ്ജെണ്ടറുകളും ഉള്‍പ്പെടെ ആകെ 26224501 വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.                                            

കരട് പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് 12 മുതല്‍ പേര് ചേര്‍ക്കാം. www.lsgelection.kerala.gov.in  എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ അയയ്ക്കണം. കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വീഡിയോകോള്‍ വഴിയോ ഹിയറിംഗിന് ഹാജരാകാം.

കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും മറ്റൊരു വാര്‍ഡിലേക്കോ പോളിംഗ് ബൂത്തിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും ഓണ്‍ലൈന്‍ അപേക്ഷകളാണ് അയയ്ക്കേണ്ടത്. കരട് പട്ടികയിലുള്ളവരെ ഒഴിവാക്കുന്നതിന് ഫോം അഞ്ചില്‍ നേരിട്ടോ തപാലിലൂടെയോ വേണം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും.  പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ ഓണ്‍ലെനിലൂടെ പേര് ചേര്‍ക്കുന്നതിന് അവസരം ഉണ്ട്.  പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്  പോസ്റ്റ് വഴി അയയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒപ്പും ഫോട്ടോയും രേഖപ്പെടുത്തിയ അപേക്ഷ സ്‌കാന്‍ ചെയ്ത് ഇ-മെയില്‍ ആയി ഇ.ആര്‍.ഒ.യ്ക്ക് അയയ്ക്കാം.