കെ സ്വിഫ്റ്റ്: ഏകജാലക സംവിധാനം വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി

post

തിരുവനന്തപുരം : സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നല്‍കിയ കെ സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫെയ്‌സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്) എന്ന ഏകജാലക സംവിധാനം  വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാര പത്രം നല്‍കി. എംഎസ്എംഇയ്ക്കു പുറത്ത്  361 സേവനങ്ങള്‍ക്കുള്ള അംഗീകാരവും കെ സ്വിഫ്റ്റ് വഴി നല്‍കിയിട്ടുണ്ട്. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിന്‍മേല്‍ തീര്‍പ്പു കല്‍പിച്ചിട്ടുണ്ട്.

ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്‌കരണ നടപടികളുടെ ഭാഗമായി രൂപം നല്‍കിയ കെസ്വിഫ്റ്റിലേക്ക് സംരംഭകര്‍ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പൊതു അപേക്ഷാഫോമില്‍ സമര്‍പ്പിച്ചാല്‍ മതി. സംരംഭവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കല്‍, ഓണ്‍ലൈനായി പണമടയ്ക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി നിര്‍ണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാന്‍ സാധിക്കുന്നു. തിരുവനന്തപുരമാണ് സംസ്ഥാനത്ത് കെ സ്വിഫ്റ്റ് വഴി എംഎസ്എംഇ കള്‍ക്കായി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്ന ജില്ല.