ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നു

post

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പാറശാല നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നു. മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി 20 ഗ്രാമീണ റോഡുകളാണ് നവീകരിക്കുന്നത്. ഇതിനായി ആറു കോടി രൂപ അനുവദിച്ചതായി സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. പ്രാദേശിക തലത്തിലുള്ള മേല്‍നോട്ടത്തിനായി പഞ്ചായത്ത് പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.