ഫ്യൂഷന്‍ റൂം: ദുരന്തവേളകളില്‍ കേരളത്തിന് കണ്ണിമ ചിമ്മാത്ത കാവല്‍

post

തിരുവനന്തപുരം : ദുരന്തവേളകളില്‍ കേരളത്തിന്റെ കണ്ണും കാതുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തനം മുന്നോട്ട്. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വിശകലനം ചെയ്തും ദുരന്തസാധ്യകള്‍ മുന്‍കൂട്ടി കണ്ട് രക്ഷാദൗത്യങ്ങള്‍ ഏകോപിപ്പിക്കാനും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫ്യൂഷന്‍ റൂം മാസങ്ങളായി ഇവിടെ പ്രവര്‍ത്തന സജ്ജമാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചു മുതല്‍ ആരംഭിച്ച ഫ്യൂഷന്‍ റൂം ദുരന്തനിവാരണ അതോറിറ്റിയിലെ വിശകലനവിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കൂടി ഏകോപിച്ചുകൊണ്ട് കണ്ണിമ ചിമ്മാതെ മുന്നോട്ടു പോവുകയാണ്. മുന്‍വര്‍ഷത്തെ പ്രളയത്തിന്റെ അനുഭവം മുന്നില്‍ വച്ച് അതീവജാഗ്രതയോടെയാണ് ഈ വര്‍ഷം ഫ്യൂഷന്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. കാലവര്‍ഷം കണക്കിലെടുത്ത് ജൂണ്‍ ഒന്നു മുതല്‍ ദേശീയദുരന്തനിവാരണ സേന, സംസ്ഥാന പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 24 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ മഴ കനത്തോടെ ആഗസ്റ്റ് അഞ്ചു മുതല്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകൂപ്പ് തുടങ്ങിയ വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. കാലാവസ്ഥാ നിരീക്ഷകര്‍, ജിയോളജിസ്റ്റുകള്‍, ഹൈഡ്രോളജിസ്റ്റ്, പൊതുജനാരോഗ്യ വിദഗ്ധര്‍ തുടങ്ങി ഓരോ മേഖലയിലെയും വിദഗ്ദ്ധരാണ് ഇവിടെ ഡാറ്റാ ശാസ്ത്രീയമായി വിശകലനം ചെയ്ത് മുന്നറിയിപ്പുകള്‍ തയാറാക്കുന്നത്. പ്രാദേശിക ഭാഷയിലുള്‍പ്പെടെ മാപ്പുകളുടെ സഹായത്തോടെയാണ് അറിയിപ്പുകള്‍ കൈമാറുന്നത്.  കേരളത്തിലുടനീളമുള്ള മഴ മാപിനികളില്‍ നിന്നുള്ള വിവരങ്ങളും കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പുകളും ആധാരമാക്കി സംസ്ഥാനത്തെ നദികളികളിലെയും ഡാമുകളിലെയും ജലനിരപ്പും ഇവിടെ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാമുകള്‍ തുറക്കുന്നതിനും നദീതീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുമുള്ള അറിയിപ്പുകള്‍ നല്‍കുന്നത്.

കേന്ദ്രകാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാതൃകയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. എങ്കിലും സാധ്യമായ എല്ലാ ഓപ്പണ്‍ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളും ഇവിടെ വിശകലന വിധേയമാക്കുന്നു. എല്‍-1, എല്‍-2, എല്‍-3 എന്നിങ്ങനെ ദുരന്ത സാഹചര്യങ്ങളെ വിവിധ തലങ്ങളില്‍ വിശകലനം ചെയ്തുകൊണ്ട് പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങലിലുള്ള മുന്നൊരുക്കങ്ങളും രക്ഷാനടപടികളുമാണ് ദുരന്തങ്ങളുടെ തീവ്രതയ്ക്കനുസിരിച്ച് കൈക്കൊണ്ടുവരുന്നത്. എല്‍-3 എന്ന നിലയില്‍ ദേശീയതലത്തിലെ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയ്ക്കു പുറമെ മൂന്നു സായുധ സേനാ വിഭാഗങ്ങളും സംസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണ്. കരസേന പാങ്ങോട് സേനാ ആസ്ഥാനത്തും നാവിക സേന കൊച്ചിയിലും വ്യോമസേന ആക്കുളത്തും  സജ്ജമായിട്ടുണ്ട്. സംസ്ഥാന പോലീസിനും ഫയര്‍ഫോഴ്സിനുമൊപ്പം എന്‍.ഡി.ആര്‍.എഫ് ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. വിശകലനം ചെയ്യുന്ന വിവരങ്ങള്‍ യഥാസമയം സര്‍ക്കാരിലേക്കും താഴേത്തട്ടിലേക്കും കൈമാറുന്നതിന് സുശക്തമായ വിവര വിനിമയ മാര്‍ഗ്ഗങ്ങളും ഫ്യൂഷന്‍ റൂമില്‍ സജ്ജമാണ്. വിവിധതലങ്ങളിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഹോട്ട്ലൈനുകള്‍ എന്നിവയ്ക്കു പുറമെ ദുരന്തങ്ങള്‍ വാര്‍ത്താ വിനിമയ സൗകര്യങ്ങളെയും ബാധിക്കുന്ന ഘട്ടമുണ്ടായാല്‍ പ്രയോജനപ്പെടുത്താന്‍ വി-സാറ്റ്, ഇമ്രാസാറ്റ് തുടങ്ങിയ ഉപഗ്രഹ അധിഷ്ഠിത വിനിമയ സൗകര്യങ്ങളും ഇവിടെയുണ്ട് എന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഹെഡും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയുമായ ഡോ: ശേഖര്‍ എല്‍. കുര്യാക്കോസ് അറിയിച്ചു. ഫ്യൂഷന്‍ റൂമിലെ ഓരോ പ്രവര്‍ത്തനവും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും നേരിട്ടും അല്ലാതെയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.