ഇന്‍ഷുറന്‍സ് വകുപ്പില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും

post

ആലപ്പുഴ: സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് വകുപ്പില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അനാവശ്യമായി കിടക്കുന്ന തസ്തികകള്‍ വെട്ടി കുറയ്ക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറിയ ജില്ല ഇന്‍ഷുറന്‍സ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. 

പരിമിതികള്‍ക്കുള്ളില്‍ നിന്ന് പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഇന്‍ഷുറന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത് പോലെ കേരള ഇന്‍ഷുറന്‍സ് എന്ന നിലയിലേക്കും എത്രയും പെട്ടെന്ന് ഇന്‍ഷുറന്‍സ് പ്രസ്ഥാനം എത്തിച്ചേരുമെന്ന് മന്ത്രി പറഞ്ഞു. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഡിസ്ചാര്‍ജ് വൗച്ചര്‍ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. എം.ഒ. വാര്‍ഡ് അംഗം എ. എഫ്. കവിത, ഇന്‍ഷുറന്‍സ് ഡയറക്ടര്‍ ജി. രാജേന്ദ്രന്‍ പിള്ള, ജില്ല ഇന്‍ഷുറന്‍സ് ഓഫീസര്‍ ടി. ഡി. ബിജു എന്നിവര്‍ പ്രസംഗിച്ചു.