മഴക്കെടുതി: നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

post

കാസര്‍കോട് : തേജസ്വിനി, നീലേശ്വരം പുഴകള്‍ കര കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം ബാധിച്ച നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബന്ധു വീടുകളിലേക്ക് മാറി താമസിച്ചവര്‍ വെള്ളം ഇറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. അതോടെ പാലായി, നീലായി, പൊടോത്തുരുത്തി, ചാത്തമത്ത്, കാര്യങ്കോട്, ചെമ്മാക്കര, മുണ്ടേമ്മാട്, തോട്ടുമ്പുറം, കൊയാമ്പുറം, ആനച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകരും യുവജനസംഘടനകളും ചേര്‍ന്ന് വെള്ളം കയറിയ വീടുകള്‍ നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സുചീകരിച്ചു. ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരും പരിസര ശുചീകരണത്തില്‍ പങ്കാളികളായി. 

 പുഴ വെള്ളം കയറി ഉപയോഗമല്ലാതായി മാറിയ കിണറുകള്‍ നീലേശ്വരം നഗരസഭ താലൂക്കാശുപത്രി അധികൃതരും നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്ന് ക്ലോറിനേഷന്‍ നടത്തി ശുചീകരിച്ചു.  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ  സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സുരക്ഷ മുന്‍കരുതലായി എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈകഌന്‍ ഗുളികകളും വിതരണം ചെയ്തു. വിതരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം തോട്ടുമ്പുറത്ത് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ് അദ്ധ്യക്ഷനായി. മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.എം.സന്ധ്യ, കൗണ്‍സിലര്‍മാരായ പി.കെ.രതീഷ്, പി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.രാധ, പി.പി.മുഹമ്മദ്‌റാഫി, കൗണ്‍സിലര്‍മാരായ കെ.വി.സുധാകരന്‍, പി.മനോഹരന്‍, സി.സി.കുഞ്ഞിക്കണ്ണന്‍, പി.കെ.രതീഷ്, എം.വി.വനജ, കെ.തങ്കമണി, കെ.വി.ഗീത, പി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.