സുസ്ഥിര വികസനസൂചിക : കേരളം വീണ്ടും ഒന്നാമത്

post

നീതി ആയോഗ് സുസ്ഥിര വികസനസൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി
തിരുവനന്തപുരം: നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസനസൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2018 നേക്കാള്‍ കൂടുതല്‍ പോയിന്റ് നേടിയാണ് കേരളം ഇത്തവണ ഒന്നാമതെത്തിയത്. 2018 ല്‍ 69 പോയിന്റായിരുന്നു വികസന സൂചികയില്‍ കേരളത്തിന് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 70 ആയി ഉയര്‍ന്നു. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാനം നിലനിര്‍ത്തിയ ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദാരിദ്ര്യം തുടച്ചു നീക്കല്‍, ആരോഗ്യവും മികച്ച ജീവിത സാഹചര്യവും, വ്യവസായം  നവീന ആശയങ്ങള്‍ നടപ്പാക്കല്‍ അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ കേരളമാണ് മുന്നില്‍. വിദ്യാഭ്യാസ നിലവാരം, ലിംഗ സമത്വം, വിശപ്പു രഹിത സംസ്ഥാനം,അസമത്വം ഇല്ലാതാക്കല്‍ എന്നീ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളില്‍ നേടിയ നേട്ടങ്ങള്‍ നീതിആയോഗ് സുസ്ഥിര വികസനസൂചികയില്‍ പരിഗണിച്ചു.