പ്രളയ ഫണ്ട്: ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിച്ചു: മുഖ്യമന്ത്രി

post

തിരുവനന്തപുരം പ്രളയ ഫണ്ട് കൃത്യമായി ചെലവഴിച്ച് ജനങ്ങള്‍ക്ക് സഹായം പരമാവധി എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുത്തുമലയില്‍ 17 ജീവനുകളാണ് നഷ്ടമായത്. അവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു. 2 തമിഴ്നാട് സ്വദേശികള്‍ അടക്കമുള്ളവര്‍ക്ക് ഈ തുക വിതരണം ചെയ്തു.96 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇതില്‍ 44 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടു വെക്കാന്‍ 10 ലക്ഷം രൂപ വീതം അനുവദിച്ചു. 52 കുടുംബങ്ങള്‍ ഒന്നിച്ച് ഒരു കമ്യൂണിറ്റിയായി ജീവിക്കാനാണ് ആഗ്രഹം എന്നറിയിച്ചു. അതിനായി ഹര്‍ഷം പദ്ധതി ആവിഷ്‌ക്കരിച്ചു. അവിടെ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങിയ ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഇവര്‍ക്കുള്ള വീട് നിര്‍മിക്കുന്നത്. സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം നല്‍കും. ഒട്ടനവധി സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ബാക്കി തുക നല്‍ക്കും.

59 ജീവനുകളാണ് കവളപ്പാറ ദുരന്തത്തില്‍ നമുക്ക് നഷ്ടമായത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നാല് ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. കവളപ്പാറയിലും സമീപ പ്രദേശങ്ങളിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. വീട് നിര്‍മ്മാണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 67 പേര്‍ക്ക് സ്ഥലം വാങ്ങി  വീടുവെക്കാന്‍ പദ്ധതി തയ്യാറാക്കി. 6.7 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.  ഓരോ ഘട്ടം പിന്നിടുമ്പോള്‍ പണം കൈമാറുകയാണ് ചെയ്യുന്നത്. 33 കുടുംബങ്ങള്‍ക്ക് എം.എ. യൂസഫലി വീട് വച്ചു നല്‍കുന്നുണ്ട്. സ്ഥലത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി. വീടിനുള്ള ആദ്യ ഗഡുവും സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. മറ്റ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സര്‍ക്കാര്‍ മുന്‍കൈയില്‍ അവിടെ വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ചിലത് പൂര്‍ത്തിയായി കൈമാറിയിട്ടുമുണ്ട്.

പോത്തുകല്ല് ചളിക്കല്‍ കോളനിയിലെ 34 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. സര്‍ക്കാര്‍ വാങ്ങിയ ഭൂമിയില്‍ ഫെഡറല്‍ ബാങ്കാണ് വീട് നിര്‍മ്മിച്ചത്. സര്‍ക്കാര്‍ 1,72,31,500 കോടി രൂപ ഇതിനായി ചെലവഴിച്ചു. ഇത്തരം ദുരന്തം നേരിട്ടവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതേ നിലപാടാണ് രാജമലയിലെ അപകടത്തിന്റെ കാര്യത്തിലും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.