മഴക്കെടുതി: കൂടുതല്‍ പേരെ ക്യാമ്പുകളിലേക്ക് മാറ്റി

post

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ കനത്തതോടെ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയില്‍ 39 വീടുകള്‍ പൂര്‍ണമായും 238 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് 24 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയില്‍ 5880 ഹെക്ടര്‍ കൃഷി നശിച്ചു.

ഇടുക്കിയില്‍ കാലവര്‍ഷക്കെടുതിയില്‍ 173.64 കോടി രൂപയുടെ കൃഷി നഷ്ടം ഉണ്ടായി. 17 വീടുകള്‍ പൂര്‍ണമായും 390 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

വയനാട് മുത്തങ്ങ വഴിയുള്ള അന്തര്‍സംസ്ഥാന റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചതിനാല്‍ നാളെ മുതല്‍ യാത്രാ വാഹനങ്ങള്‍ ഇതുവഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ 627 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇതില്‍ 22 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വയനാട്ടില്‍ 14.18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി.

ചാലക്കുടി താലൂക്കില്‍ എട്ടു ക്യാമ്പുകളിലായി 225 കുടുംബങ്ങള്‍ കഴിയുന്നു. ചേര്‍പ്പില്‍ ആരംഭിച്ച ക്യാമ്പില്‍ 24 കുടുംബങ്ങളെ മാറ്റി. മുകുന്ദപുരം താലൂക്കില്‍ 14 ക്യാമ്പുകളിലായി 148 പേര്‍ കഴിയുന്നു. തൃശൂര്‍ താലൂക്കിലെ ഏഴു ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 1607 കുടുംബങ്ങളിലെ 5166 പേര്‍ കഴിയുന്നു. ഇതില്‍ 2087 പുരുഷന്‍മാരും 2232 സ്ത്രീകളും 847 കുട്ടികളുമുണ്ട്. പത്തനംതിട്ടയിലെ പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകളും അടച്ചു. ഡാമിലെ ജലനിരപ്പ് 981.77 മീറ്ററിലെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തികൊണ്ടുള്ള ഉത്തരവ് നീട്ടി. ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വീടുകള്‍ പൂര്‍ണമായും നാലു വീടുകള്‍ ഭാഗികമായും തകര്‍ന്നു. 19.70 കോടി രൂപയുടെ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ 2815 പേരെക്കൂടി വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കൂടുതല്‍ പേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. ജില്ലയില്‍ 12 ക്യാമ്പുകളിലായി 30 കുടുംബങ്ങളില്‍ നിന്നുള്ള 159 പേര്‍ കഴിയുന്നു. 21 വീടുകള്‍ പൂര്‍ണമായും 1031 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ മഴക്കെടുതിയില്‍ 7.9 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 20 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 281 പേരാണ് കഴിയുന്നത്.